സ്നേഹനിറവിൽ ഹൃദയജൂബിലി

Mail This Article
കോട്ടയം ∙ ‘ഹൃദയപൂർവം’ ആരോഗ്യ പദ്ധതി മാത്രമല്ലെന്നും മനുഷ്യത്വത്തിലേക്കുള്ള യാത്രയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗവർണറായി കേരളത്തിൽ ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പൊതു ചടങ്ങായിരുന്നു ഇത്.
കേരളത്തിലെ ജനങ്ങൾക്കു വേണ്ടി കൂടുതലായി എന്തു ചെയ്യാൻ കഴിയുമെന്ന ചിന്തയിലേക്ക് ഈ പരിപാടി എന്നെ നയിച്ചു. കേരളം എല്ലാ മേഖലയിലും വികസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ താൽപര്യങ്ങൾക്കു നിരക്കും വിധം അതു പ്രയോജനപ്പെടുത്തണം. നമ്മളെല്ലാം ഒന്നാണ്; നമുക്കിടയിൽ ജാതി, മത, ഭാഷാ, രാഷ്ട്രീയ വേർതിരിവുകൾ ഇല്ല – അദ്ദേഹം പറഞ്ഞു.
‘ഹൃദയപൂർവം’ ക്യാംപുകൾ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനും ഹൃദയശസ്ത്രക്രിയയ്ക്കു ശേഷമുള്ള തുടർചികിത്സകൾക്ക് ഇത്തരം ക്യാംപുകളിൽ സൗകര്യമൊരുക്കാനും പദ്ധതിയുണ്ടെന്നു വേദിയിൽ പ്രഖ്യാപിച്ചതിനെ ഗവർണർ സ്വാഗതം ചെയ്തു. ഓരോ ഗ്രാമീണന്റെയും വീട്ടുവാതിൽക്കൽ ആരോഗ്യ സൗകര്യങ്ങൾ എത്തിക്കാൻ കഴിയണമെന്നത് തന്റെ സ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ആ സ്വപ്നമാണു മനോരമ യാഥാർഥ്യമാക്കുന്നത്. മനോരമ ദിനപത്രമെന്നാൽ അക്ഷരങ്ങൾ മാത്രമല്ല, മനുഷ്യത്വമുള്ള ഇടപെടൽ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറലും നൂറുൽ ഇസ്‍ലാം സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ് അധ്യക്ഷത വഹിച്ചു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, മദ്രാസ് മെഡിക്കൽ മിഷൻ വൈസ് പ്രസിഡന്റ് ജോസഫ് ഏബ്രഹാം, ചെയർമാനും കാർഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശ്ശേരി, ഹൃദയപൂർവം ശസ്ത്രക്രിയയിലൂടെ രോഗ മുക്തരായവരുടെ പ്രതിനിധി ബി.അജിത് കുമാർ, മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് ജനറൽ മാനേജർ എഡ്വിൻ വിനോദ് ജയിംസ് എന്നിവർ പ്രസംഗിച്ചു.
മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു എന്നിവർ ചേർന്നു ഗവർണറെ സ്വീകരിച്ചു. അഖില കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ് എ. ഫാത്തിമ നിദ, ജനറൽ സെക്രട്ടറി ഹിഷ ഫാത്തിമ, എക്സിക്യൂട്ടീവ് അംഗം ഐഷ സവാദ് എന്നിവർ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തി.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഹൃദയാരോഗ്യം സംബന്ധിച്ച വിദഗ്ധരുടെ പാനൽ ചർച്ച മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഹൃദയപൂർവം പദ്ധതിയിലൂടെ 2500 കുടുംബങ്ങളെ ചേർത്തു പിടിച്ചതിനു മലയാള മനോരമയ്ക്കും മദ്രാസ് മെഡിക്കൽ മിഷനും മന്ത്രി നന്ദി പറഞ്ഞു.
പദ്ധതി വിജയകരമായി നടപ്പാക്കുന്ന മദ്രാസ് മെഡിക്കൽ മിഷനിലെ ഡോക്ടർമാരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. രജത ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച എല്ലാ ജില്ലകളിലും കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു.