ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ ഊർജ ചട്ടത്തിലും നിലവിലെ ഗാർഹിക സോളർ വൈദ്യുതി ഉൽപാദകർക്ക് (പ്രൊസ്യൂമർ) നെറ്റ് മീറ്ററിങ് രീതി തുടരാമെന്നു ശുപാർശ. പുനരുപയോഗ ഊർജവും നെറ്റ് മീറ്ററിങ്ങും സംബന്ധിച്ച് അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരേണ്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ച ചർച്ചാ രേഖയിലാണു നിർദേശം.

പ്രൊസ്യൂമർക്ക് മിച്ച വൈദ്യുതി മറ്റ് ഉപഭോക്താക്കൾക്കു വിറ്റ് വരുമാനമുണ്ടാക്കാവുന്ന പീർ ടു പീർ (പി ടു പി) വിൽപന സമ്പ്രദായത്തിനോ വെർച്വൽ പവർ പ്ലാന്റ് നടപ്പാക്കി വിപണിയിൽ വിൽക്കാനോ സൗകര്യമൊരുക്കണം, ബാറ്ററി സ്റ്റോറേജ് ഉപയോഗിച്ച് പീക്ക് സമയത്ത് ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതിക്ക് ഉയർന്ന നിരക്ക് നൽകണം തുടങ്ങിയ ശുപാർശകളുമുണ്ട്. 

സോളർ പ്ലാന്റുകളുടെ ആകെ ശേഷി വിതരണ ട്രാൻസ്ഫോമറിന്റെ ശേഷിയുടെ 90% ആയ പ്രദേശങ്ങളിൽ പ്രത്യേക നിബന്ധനകൾ പാലിക്കുന്ന പ്ലാന്റുകൾക്ക് അനുമതി നൽകാനും നിർദേശമുണ്ട്. വിവിധ വിഭാഗം ഉപഭോക്താക്കൾക്ക് നെറ്റ് മീറ്ററിങ്, നെറ്റ് ബില്ലിങ്, ഗ്രോസ് മീറ്ററിങ്, ബിഹൈൻഡ് ദ് മീറ്റർ (ബിടിഎം), ഗ്രൂപ്പ് നെറ്റ് മീറ്ററിങ്, വെർച്വൽ നെറ്റ് മീറ്ററിങ് എന്നിവ ശുപാർശ ചെയ്തിട്ടുണ്ട്. ചർച്ചാരേഖയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഫെബ്രുവരി 15ന് അകം ലഭ്യമാക്കണമെന്ന് കമ്മിഷൻ അറിയിച്ചു. www.erckerala.org എന്ന വെബ്സൈറ്റിൽ ചർച്ചാ രേഖ പരിശോധിക്കാം.

വരണം, ആണവ നിലയം

കൽക്കരി വൈദ്യുതിക്കു പകരം സ്മോൾ മോഡുലർ റിയാക്ടറുകൾ ഉപയോഗപ്പെടുത്തി കാർബൺ ബഹിർഗമനം ഇല്ലാത്തതും തുടർച്ചയായി ലഭിക്കുന്നതുമായ ആണവ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കണമെന്നു പുതിയ പുനരുപയോഗ ഊർജ ചട്ടത്തിന്റെ ചർച്ചാ രേഖ ശുപാർശ ചെയ്യുന്നു.

മറ്റു പ്രധാന ശുപാർശകൾ

∙ കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധ്യതയുള്ള ക‍ഞ്ചിക്കോട്, അട്ടപ്പാടി, രാമക്കൽമേട് തുടങ്ങിയ പ്രദേശങ്ങളിൽ പദ്ധതികൾ സാധ്യമാക്കാൻ കെഎസ്ഇബി പ്രസരണ സംവിധാനം ശക്തമാക്കണം.

∙ കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഉപയോഗിച്ച് കടലിലെ കാറ്റാടിപ്പാടങ്ങൾക്കു സാധ്യത പരിശോധിക്കണം.

∙ ബാറ്ററിയിൽ വൈദ്യുതി സംഭരിക്കുന്ന സംവിധാനങ്ങൾക്കു തുടക്കത്തിൽ സർക്കാർ ഗ്രാന്റോ സബ്സിഡിയോ നൽകണം.

∙ നിലവിലെ പെട്രോൾ / ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ മാർഗനിർദേശം രൂപീകരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com