മരുന്നു കുടിശിക തുക: 500 കോടി വായ്പയെടുത്തേക്കും

Mail This Article
കോഴിക്കോട് ∙ മരുന്നു കമ്പനികൾക്കു നൽകാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക തീർക്കാൻ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 500 കോടി രൂപ കടമെടുക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ. ടെൻഡറിനു മുന്നോടിയായി കഴിഞ്ഞ ദിവസം കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് അധികൃതർ ഇക്കാര്യം സൂചിപ്പിച്ചത്.
കുടിശിക തീർക്കാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന കടുത്ത നിലപാട് കമ്പനി പ്രതിനിധികൾ ആവർത്തിച്ചതോടെയാണ് സർക്കാർ അനുമതിയോടെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് മാർച്ചിനു മുന്നേ കുടിശിക തീർക്കാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചത്. ഇത് സ്ഥിരീകരിക്കാൻ കെഎംഎസ്‌സിഎൽ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ തയ്യാറായില്ല.
2020 മുതൽ നൽകാനുള്ള തുക നൽകാതെ ഈ വർഷത്തെ ടെൻഡറിൽ പങ്കെടുക്കില്ല എന്നാണ് കമ്പനി പ്രതിനിധികൾ വ്യക്തമാക്കിയത്. വിലക്ക് ഭീഷണി ഉയർത്തി ടെൻഡർ സമർപ്പിക്കാൻ നിർബന്ധിച്ചാൽ, ഉയർന്ന നിരക്ക് ക്വോട്ട് ചെയ്തുള്ള ടെൻഡറായിരിക്കും സമർപ്പിക്കുക എന്നും കമ്പനികൾ മുന്നറിയിപ്പു നൽകി. അനുനയിപ്പിക്കാൻ മറ്റു വഴികളില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വായ്പയെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചത്. ഈ വർഷം മുതൽ പണം കൊടുത്തു തീർക്കാൻ കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്നും അതു പാലിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.
കെഎംഎസ്‌സിഎൽ മരുന്നു സൂക്ഷിക്കുന്ന വെയർഹൗസുകളിലെ പോരായ്മകളും കമ്പനികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവ് കൂടുതലുള്ളതിനാൽ മരുന്നിന്റെ നിലവാരം നഷ്ടപ്പെടുന്നതായും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ പരാജയപ്പെടുന്നതായും അവർ പറഞ്ഞു. ഇതേ തുടർന്ന് പല കമ്പനികളും വിലക്ക് നേരിടുന്ന ഘട്ടത്തിലാണ്. അതേസമയം സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് നൽകിയ 18 മരുന്നുകളുടെ 85 ബാച്ചുകൾ നിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് കമ്പനി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.