ഹൃദയങ്ങളേ,തുടിക്കുക: ഹൃദയപൂർവം രജതജൂബിലി സംഗമത്തിൽ കേട്ടതെല്ലാം ഹൃദയം കൊണ്ടെഴുതിയ കവിതകൾ...

Mail This Article
കോട്ടയം ∙ മലയാള മനോരമ മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ പദ്ധതിയുടെ രജതജൂബിലി സംഗമത്തിനു മാമ്മൻ മാപ്പിള ഹാളിലെത്തിയ എല്ലാവർക്കും പറയാനുണ്ടായിരുന്നു ജീവന്റെ കഥകൾ. കാൽനൂറ്റാണ്ടുമുൻപ് ആദ്യത്തെ ഹൃദയപൂർവം ക്യാംപ് വഴി ശസ്ത്രക്രിയ നടത്തിയവർ മുതൽ കഴിഞ്ഞവർഷം ചികിത്സ നേടിയ കുഞ്ഞുങ്ങൾ വരെ. മലപ്പുറത്തുനിന്ന് ആ ഉമ്മ എത്തിയത് 3 മക്കളുടെ കൈപിടിച്ച്. മൂത്ത മകൾക്ക് ഡോക്ടർമാർ ഹൃദയശസ്ത്രക്രിയ നിർദേശിക്കുമ്പോൾ ഒരു വയസ്സും 4 മാസവും പ്രായം. ആ കുഞ്ഞ് ഇതാ ഇവിടെ ‘ഞാനിപ്പോൾ ഡിഗ്രിക്കു പഠിക്കുന്നു...’ എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു. രണ്ടാമത്തെ മകൾ 9–ാം വയസ്സിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ 8–ാം ക്ലാസിൽ. ഇളയവൾ 7–ാം വയസ്സിൽ ശസ്ത്രക്രിയ കഴിഞ്ഞ് 5–ാം ക്ലാസിൽ പഠിക്കുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ ഹൃദയം മിടിക്കുന്നതു കാണാം ആ ഉമ്മയുടെ കണ്ണുകളിൽ.
2500 ഹൃദയങ്ങൾ പുഞ്ചിരിച്ച ദിനം
25 വർഷം. ഹൃദയപൂർവം പദ്ധതിയിൽ ചികിത്സയിലൂടെ സുഖം പ്രാപിച്ചത് 2500 ഹൃദയങ്ങൾ, അഥവാ അത്രയും കുടുംബങ്ങൾ. അത്രയും ഹൃദയങ്ങൾ ഒരുമിച്ചു മിടിച്ചതിന്റെ പ്രകാശം കൊണ്ടു നിറഞ്ഞതായിരുന്നു മാമ്മൻ മാപ്പിള ഹാൾ ഇന്നലെ. ഡോക്ടർമാരെയും മനോരമയുടെ പ്രതിനിധികളെയും കണ്ടു സന്തോഷം പങ്കിട്ട് ആ പെൺകുട്ടി മനസ്സു നിറഞ്ഞു ചിരിച്ചു. ഒപ്പം സന്തോഷവും പങ്കിട്ടു. കേരളത്തിലെ പ്രശസ്തമായ ഒരു കോളജിൽ യൂണിയൻ ചെയർപഴ്സനാണിപ്പോൾ, ഹൃദയപൂർവം നന്ദി. ദുരിതകാലത്തിന്റെ നെഞ്ചിടിപ്പേറിയ കഥകൾ പറഞ്ഞ ദിവസത്തിനൊടുവിൽ ആ ഹൃദയങ്ങൾ പാട്ടുകൾ പാടി. കഥകൾ പറഞ്ഞു.
മദ്രാസ് മെയിൽ എസ് 9 കോച്ച്
ഹൃദയപൂർവം ശസ്ത്രക്രിയയ്ക്ക് മദ്രാസ് മെഡിക്കൽ മിഷനിലേക്ക് ഒരുമിച്ചു പോയ 10 പേർ. മദ്രാസ് മെയിലിന്റെ എസ് 9 കോച്ചിൽ ഒരുമിച്ചു കണ്ട് പരിചയപ്പെട്ടവർ. ട്രെയിനിറങ്ങുമ്പോഴേക്കും എല്ലാവരും കൂട്ടുകാർ. ശസ്ത്രക്രിയ കഴിഞ്ഞു മടങ്ങുമ്പോൾ കുടുംബാംഗങ്ങളെപ്പോലെ. ഇപ്പോൾ അവർക്ക് ഹൃദയപൂർവം എന്ന പേരിൽ വാട്സാപ് ഗ്രൂപ്പുണ്ട്.
പ്രതീക്ഷയുടെ പൂക്കൾ
മാമ്മൻ മാപ്പിള ഹാളിന്റെ വരാന്തയിലൂടെ 2 കുരുന്നുകൾ ഓടിക്കളിച്ചു നടന്നു. ശസ്ത്രക്രിയ കഴിഞ്ഞ് സ്വയം പുഞ്ചിരിക്കുന്നൊരു ഹൃദയവുമായി 5 വയസ്സുകാരി. ഒപ്പം, ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന ഹൃദയവുമായി 3 വയസ്സുകാരി. കുഞ്ഞുങ്ങളെ നോക്കി അമ്മൂമ്മ പറഞ്ഞു: ‘മൂത്തവളുടെ ചികിത്സ കഴിഞ്ഞു. ഇനി ഇളയവളുടെ ഓപ്പറേഷൻ കൂടി നടക്കണം... നടക്കും...’’ അത്തരം പ്രതീക്ഷകൾക്ക് ഒറ്റവാക്കിൽ പറയുന്ന പേരാണ്– ഹൃദയപൂർവം!
മനോരമയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: വീണാ ജോർജ്
∙ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ 25 വർഷത്തിനിടെ സംസ്ഥാനം വലിയ പുരോഗതി നേടിയിട്ടുണ്ടെന്നും ഈ മേഖലയിൽ ഹൃദയപൂർവം പദ്ധതിയിലൂടെ മലയാള മനോരമ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി വീണാ ജോർജ്. വിദഗ്ധരുടെ പാനൽ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മദ്രാസ് മെഡിക്കൽ മിഷൻ പാരാമെഡിക്കൽ ജീവനക്കാരെ മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു ആദരിച്ചു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് ജനറൽ മാനേജർ എഡ്വിൻ വിനോദ് ജയിംസ് എന്നിവർ പ്രസംഗിച്ചു.