അപകടമുണ്ടാക്കിയ വാഹനത്തിന് തേഡ് പാർട്ടി ഇൻഷുറൻസില്ല; ഉടമയ്ക്കു മൂന്നു മാസം തടവ്

Mail This Article
പാലക്കാട് ∙ അപകടമരണത്തിനു കാരണമായ വാഹനത്തിന്റെ ഉടമയ്ക്കു 3 മാസം തടവുശിക്ഷ വിധിച്ച് മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി). എംഎസിടി വിധിച്ച പിഴത്തുക അടയ്ക്കാഞ്ഞതിനെത്തുടർന്നാണു തടവ്. 2016 മാർച്ച് 10നു മുണ്ടൂർ നാമ്പുള്ളിപ്പുര കളമുള്ളി വീട്ടിൽ സുരേഷ്കുമാർ ടിപ്പർ ലോറി ഇടിച്ചു മരിച്ച കേസിലാണു വിധി. അപകടത്തിനു കാരണമായ വാഹനത്തിനു തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്തതിനാൽ വാഹന ഉടമയായ പുള്ളോട് പടിഞ്ഞാട്ടിരി വീട്ടിൽ അഷ്റഫ് സ്വന്തം നിലയിൽ നഷ്ടപരിഹാരത്തുക നൽകണമെന്ന് എംഎസിടി ഉത്തരവിട്ടിരുന്നു. വിധി സംഖ്യയും പലിശയും കോടതിച്ചെലവും ചേർത്ത് 27.45 ലക്ഷം രൂപ ലോറി ഉടമ നൽകണമെന്നാണ് എംഎസിടി ജഡ്ജി ആർ.ടി.പ്രകാശ് വിധിച്ചത്.
എന്നാൽ, തുക ലഭിക്കാത്തതിനാൽ ലോറി ഉടമയെ തടവിൽ പാർപ്പിക്കണമെന്ന വിധി വ്യവസ്ഥ നടപ്പാക്കിക്കിട്ടാൻ മരിച്ച സുരേഷ്കുമാറിന്റെ ഭാര്യയും അമ്മയും മക്കളും ട്രൈബ്യൂണലിനെ സമീപിച്ചു. തുടർന്നാണു ലോറി ഉടമയെ മൂന്നു മാസം തടവിനു ശിക്ഷിച്ചത്. ഹർജിക്കാർക്കു വേണ്ടി അഡ്വ.അഭിലാഷ് തേങ്കുറുശ്ശി, അഡ്വ.റോഷ്ണി സുരേഷ് എന്നിവർ ഹാജരായി.