ADVERTISEMENT

കാസർകോട് ∙ ‌പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട, നേതാക്കൾ ഉൾപ്പെടെയുള്ളവർക്കായി നിയമപോരാട്ടം നടത്താൻ സിപിഎം വീണ്ടും പണം പിരിക്കുന്നു. പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണ് പിരിവ്. ഒരംഗം കുറഞ്ഞത് 500 രൂപ നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളം നൽകണം. ജില്ലയിൽ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. 28,000 പേർ 500 രൂപവീതം നൽകിയാൽത്തന്നെ 1.40 കോടി രൂപ ലഭിക്കും. സഹകരണ ജീവനക്കാരുടെ ശമ്പളം കൂടി ചേരുമ്പോൾ 2 കോടിയോളം രൂപ പിരിച്ചെടുക്കാനാകും. ഓരോ ബ്രാഞ്ചിനും ക്വോട്ട നിശ്ചയിച്ചാണ് പിരിവ്. ഈ മാസം 20ന് അകം പണം നൽകാനാണ് ഏരിയ കമ്മിറ്റികൾക്ക് ജില്ലാ കമ്മിറ്റി നൽകിയ നിർദേശം. 

പെരിയക്കേസിനു വേണ്ടി രണ്ടാം തവണയാണ് സിപിഎം ഫണ്ട് സമാഹരിക്കുന്നത്. 2021 നവംബർ–ഡിസംബറിൽ വലിയതോതിൽ പണം പിരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസിന്റെ അന്തിമ ജോലികൾക്കെന്നു പറഞ്ഞാണ് അന്ന് പിരിച്ചത്. അന്നും പാർട്ടി അംഗങ്ങളിൽ നിന്നു മാത്രമായിരുന്നു പിരിവ്. 

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ 10 പ്രതികളെ സിബിഐ കോടതി ജീവപര്യന്തം തടവിനും രണ്ടാം പ്രതി സജി സി.ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്നു ബലമായി മോചിപ്പിച്ചതിനു മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റി അംഗം കെ.മണികണ്ഠൻ, ഉദുമ ഏരിയ കമ്മിറ്റി അംഗം കെ.വി.ഭാസ്കരൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ 5 വർഷം തടവിനും 10,000 രൂപവീതം പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെത്തുടർന്ന് 5 വർഷം ശിക്ഷ ലഭിച്ച 4 നേതാക്കൾക്ക് ജാമ്യം ലഭിച്ചു. 

English Summary:

Periya double murder case: The CPM in Kasaragod is raising funds for the legal battle of those convicted in the Periya double murder case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com