കോൺഗ്രസിനെയും വെട്ടിലാക്കി അൻവർ

Mail This Article
മലപ്പുറം ∙ നിലമ്പൂർ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസ് ക്യാംപിൽ ആശയക്കുഴപ്പത്തിന്റെ വിത്തെറിഞ്ഞാണ് പി.വി.അൻവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞത്. സ്ഥാനാർഥിയായി ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയെ ഉയർത്തിക്കാട്ടിയതിലൂടെ അൻവറിന്റെ ലക്ഷ്യം രണ്ടാണ്. ഒന്ന്, തന്റെ യുഡിഎഫ് പ്രവേശത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ച കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനൊരു ചെക്ക്. രണ്ട്, സ്ഥാനാർഥിനിർണയത്തിൽ കോൺഗ്രസിലെ സ്വരച്ചേർച്ചയില്ലായ്മ തുറന്നുകാട്ടൽ. തുടർച്ചയായി 2 തവണ ജയിച്ച സീറ്റിൽ അൻവറിനൊത്തൊരു സ്ഥാനാർഥിയെ കിട്ടാത്തതിന്റെ പ്രതിസന്ധി സിപിഎമ്മിനുമുണ്ട്. കോൺഗ്രസിലെ സീറ്റ് തർക്കം മൂർഛിച്ചാൽ ഇടതുസ്ഥാനാർഥിയായി വീണ്ടുമൊരു സ്വതന്ത്രൻ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
രാഷ്ട്രീയ ബലാബലത്തിൽ ഇരുമുന്നണികൾക്കും പ്രതീക്ഷയുള്ള മണ്ഡലമാണു നിലമ്പൂർ. 1987 മുതൽ 2016 വരെ ആര്യാടൻ മുഹമ്മദ് കോൺഗ്രസ് കൊടി പാറിച്ച നിലമ്പൂരിന്റെ രാഷ്ട്രീയ കാലാവസ്ഥ 2009 ലെ മണ്ഡലപുനർനിർണയത്തിൽ ചെറുതായി മാറി. യുഡിഎഫിന്റെ ഉറച്ച കോട്ടകളായ കാളികാവ്, ചാലിയാർ, ചോക്കാട് പഞ്ചായത്തുകൾ നിലമ്പൂരിന്റെ ഭാഗമല്ലാതായി. നിലവിൽ ഒരു നഗരസഭയും 3 പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നു. 4 പഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലാണ്. ഉപതിരഞ്ഞെടുപ്പുൾപ്പെടെ കഴിഞ്ഞ 3 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനു വൻ ഭൂരിപക്ഷം സമ്മാനിക്കുകയും ചെയ്തു.
നിലമ്പൂർ നഗരസഭാ മുൻ അധ്യക്ഷനായ ഷൗക്കത്ത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിനോടു പരാജയപ്പെട്ടിരുന്നു. 2021 ൽ അവസാന നിമിഷംവരെ ഷൗക്കത്തിനെ പരിഗണിച്ചെങ്കിലും അന്നത്തെ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിനാണു നറുക്കുവീണത്. യുഡിഎഫിന്റെ ജയസാധ്യത തെളിഞ്ഞുനിൽക്കുന്ന ഈഘട്ടത്തിൽ താനാണു സ്വാഭാവിക സ്ഥാനാർഥിയെന്ന് ഷൗക്കത്ത് വിശ്വസിക്കുന്നു. മണ്ഡലത്തിലെ വിപുലമായ ബന്ധങ്ങളും പിതാവ് ആര്യാടൻ മുഹമ്മദിനുണ്ടായിരുന്ന സ്വീകാര്യതയുമെല്ലാം അനുകൂലഘടകങ്ങളായി ഷൗക്കത്ത് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ചെറുപ്പമാണ് വി.എസ്.ജോയിക്ക് അനുകൂലമായ ഒരു ഘടകം. ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിനുശേഷം ജില്ലയിലെ കോൺഗ്രസിൽ ഉരുത്തിരിഞ്ഞ പുതിയ സമവാക്യങ്ങളും ജോയിയുടെ പേര് ഉയരാൻ കാരണമാണ്. മലപ്പുറം ജില്ലയിൽ കോൺഗ്രസിന് ഏറ്റവും വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നായ നിലമ്പൂരിൽ കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് അടിപതറിയതു അൻവറിനു മുന്നിലാണ്. ഗോദയിൽനിന്നു മാറിനിൽക്കാൻ തീരുമാനിക്കുമ്പോഴും കോൺഗ്രസിനു തലവേദനയ്ക്കു വക നൽകിയാണ് അൻവർ പോകുന്നത്.