അവഗണനയെന്ന് പുറത്ത് ഭാവം; അകത്ത് സിപിഎമ്മിന് ആധി

Mail This Article
തിരുവനന്തപുരം ∙ പി.വി.അൻവറിന്റെ രാജി പ്രഖ്യാപനത്തെയും തൃണമൂൽ പ്രവേശത്തെയും പുറമേ അവഗണിക്കാനാണ് സിപിഎം തീരുമാനം. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെ നടത്തിയ കടന്നാക്രമണത്തിനു പിന്നിൽ സിപിഎം ഉന്നത നേതൃത്വത്തിലെ ചിലർ ഉണ്ടെന്ന അൻവറിന്റെ വെളിപ്പെടുത്തൽ പാർട്ടി നേതൃത്വത്തെ അലോസരപ്പെടുത്തും. അവരുടെ പേരുകൾ വെളിപ്പെടുത്തുന്നില്ലെന്ന് പറഞ്ഞെങ്കിലും നാളെ അതു ചെയ്യില്ലെന്ന ഉറപ്പ് അദ്ദേഹം നൽകുന്നില്ല.
-
Also Read
കോൺഗ്രസിനെയും വെട്ടിലാക്കി അൻവർ
പാർട്ടിക്കകത്ത് പിണറായി വിജയനും പൊലീസിനും എതിരെയുള്ള വികാരം അൻവറിലൂടെ പുറത്തുവന്നതാണെന്ന സൂചന ശക്തമായിരുന്നു. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ കളിയാണ് അൻവർ നടത്തുന്നതെന്ന പ്രചാരണവും നടന്നു. അതു ശരിവയ്ക്കുന്ന പ്രതികരണമാണ് അദ്ദേഹത്തിൽനിന്ന് ഉണ്ടായത്. പൊലീസിനും ശശിക്കുമെതിരെ പ്രതികരിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കൾ പറഞ്ഞിട്ടാണെന്നാണ് അൻവർ അവകാശപ്പെട്ടത്.
ബംഗാളിൽ സിപിഎമ്മിന്റെ ബദ്ധവൈരികളായ തൃണമൂൽ കോൺഗ്രസിന്റെ നേതാവാണ് ഇനി കേരളത്തിൽ പി.വി.അൻവർ എന്നതിനാൽ മമത ബാനർജിയുടെ നോട്ടം കേരളത്തിലേക്ക് ഉണ്ടാകുമെന്നു സിപിഎമ്മിന് വിചാരിക്കേണ്ടി വരും. അൻവർ ‘പുല്ലു’ പാർട്ടിയിലേക്കാണ് പോയതെന്ന് പരിഹസിക്കുമ്പോഴും അദ്ദേഹത്തിന്റെ നീക്കങ്ങൾ ശ്രദ്ധിക്കേണ്ടിവരുമെന്നു വ്യക്തം.
എംഎൽഎ സ്ഥാനം രാജിവച്ചവർ 46
കേരള നിയമസഭയുടെ ചരിത്രത്തിൽ എംഎൽഎ സ്ഥാനം രാജിവച്ചത് 46 പേരാണ്. ഇതിൽ സി.എച്ച്.മുഹമ്മദ് കോയയും കെ.കരുണാകരനും പി.സി.ജോർജും 2 തവണ വീതം രാജിവച്ചു. അങ്ങനെ നോക്കുമ്പോൾ, ആകെ രാജിയുടെ എണ്ണം 49.