ഭൂമിയേറ്റെടുക്കൽ അനുമതിക്ക് എതിരെ ഹാരിസൺസ് അപ്പീൽ നൽകി

Mail This Article
കൊച്ചി ∙ മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമാണത്തിനു ദുരന്തനിവാരണ നിയമ പ്രകാരം ഭൂമിയേറ്റെടുക്കാൻ സർക്കാരിനെ അനുവദിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹാരിസൺസ് മലയാളം ലിമിറ്റഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സ്വകാര്യ ഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമത്തിൽ വ്യവസ്ഥയില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധി നിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്നും കാണിച്ചാണ് അപ്പീൽ.
വൈത്തിരിയിൽ ഹാരിസൺ നെടുമ്പാല എസ്റ്റേറ്റിന്റെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റയിൽ എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമിയും ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള 2024 ഒക്ടോബർ 4ലെ സർക്കാർ ഉത്തരവു ശരിവയ്ക്കുന്നതായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി. അതേസമയം, നഷ്ടപരിഹാര നിർണയത്തിന് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം ബാധകമാക്കണമെന്നും, തുക മുൻകൂർ നൽകണമെന്നും നിർദേശിച്ചിരുന്നു.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചു നിലവിലുള്ള സിവിൽ കേസ് എതിരായാൽ തുക തിരിച്ചു നൽകുമെന്ന് എസ്റ്റേറ്റ് ഉടമകൾ ബോണ്ട് നൽകണമെന്നും പറഞ്ഞിരുന്നു.
എന്നാൽ പുനരധിവാസ ആവശ്യത്തിനു സ്വകാര്യഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമം 34–ാം വകുപ്പിൽ വ്യവസ്ഥയില്ലെന്നും താൽക്കാലിക ഏറ്റെടുക്കൽ മാത്രമാണ് ഇതുപ്രകാരം സാധിക്കുന്നതെന്നും അപ്പീലിൽ പറയുന്നു. വാഹന– ഗതാഗത നിയന്ത്രണം, അവശിഷ്ടം നീക്കൽ, ഭക്ഷണം, പാർപ്പിടം തുടങ്ങിയ കാര്യങ്ങളിലാണ് ഈ വകുപ്പനുസരിച്ചു നടപടി സാധിക്കുന്നത്.