ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ടൗൺഷിപ്: കിഫ്കോൺ ശുപാർശയ്ക്ക് അംഗീകാരം

Mail This Article
തിരുവനന്തപുരം ∙ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പുകളിൽ അനുവദിക്കേണ്ട പ്ലോട്ടുകളുടെ വിസ്തീർണം സംബന്ധിച്ച് പദ്ധതി ആസൂത്രണ ഏജൻസിയായ കിഫ്കോണിന്റെ പ്രോജക്ട് ശുപാർശ അംഗീകരിച്ചു. കൽപറ്റയിലെ ടൗൺഷിപ്പിൽ 5 സെന്റ് പ്ലോട്ടുകളും നെടുമ്പാലയിൽ 10 സെന്റ് പ്ലോട്ടുകളും എന്ന കിഫ്കോണിന്റെ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. രണ്ടിടത്തും 10 സെന്റ് ഭൂമി തന്നെ അനുവദിക്കണമെന്നാണ് പ്രതിപക്ഷനേതാവും പ്രതിപക്ഷ എംഎൽഎമാരും ആവശ്യപ്പെട്ടത്.
-
Also Read
നിയമസഭാ സമ്മേളനം നാളെ മുതൽ
കൽപറ്റയിൽ 467, നെടുമ്പാലയിൽ 266 എന്നിങ്ങനെ പാർപ്പിട യൂണിറ്റുകൾ നിർമിക്കാൻ ഏകദേശം പദ്ധതി ചെലവ് 632 കോടി രൂപയായിരിക്കും. ടൗൺഷിപ്പിൽ താൽപര്യമില്ലാത്ത പട്ടികവർഗ കുടുംബങ്ങൾക്കു 15 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ താൽപര്യപ്രകാരം വനമേഖലയോടു ചേർന്ന് ഗ്രാമസഭയുടെ അംഗീകാരത്തോടെ വനാവകാശ നിയമത്തിനു വിധേയമായി ഭൂമിയോ അനുവദിക്കും.
ടൗൺഷിപ് നിർമാണത്തിനായി ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയിട്ടുള്ള 2 എസ്റ്റേറ്റുകളുടെയും ഭൂമിയിൽ യഥാർഥ ഗ്രൗണ്ട് സർവേ നടത്തി ഉപയോഗയോഗ്യമായ ഭൂമി കണ്ടെത്തി നിലവിലുള്ള ഉത്തരവിൽ ഭേദഗതി വരുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പദ്ധതിയുടെ ചുമതല ദുരന്തനിവാരണ വകുപ്പിനായതോടെ മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും മുഴുവൻ പദ്ധതി നടത്തിപ്പും. കിഫ്ബിയുടെ അനുബന്ധ കമ്പനിയായ കിഫ്കോണിനെ ധനവകുപ്പിന്റെ ഔദ്യോഗിക എംപാനൽ പട്ടികയിൽ ഉൾപ്പെടുത്തും. പദ്ധതി നടത്തിപ്പ് കരാറുകാരായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയെയാണു നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നനയാട് പുനർനിർമാണ സമിതി, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രമുഖ സ്പോൺസർമാർ ഉൾക്കൊള്ളുന്ന ഉപദേശക സമിതി, ചീഫ് സെക്രട്ടറി ചെയർപഴ്സനായ ഏകോപന സമിതി എന്നിവ പദ്ധതിക്കായി പ്രവർത്തിക്കും.
എല്ലാ ഫണ്ടും ഉപയോഗിക്കും
പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സംസ്ഥാന ദുരന്തപ്രതികരണ നിധി, സ്പോൺസർഷിപ്, സിഎസ്ആർ ഫണ്ട്, കേന്ദ്ര സഹായം എന്നിവ ഉപയോഗപ്പെടുത്തും. സ്പോൺസർഷിപ് തുക സ്വീകരിക്കാൻ വയനാട് കലക്ടറുടെ പേരിൽ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും.