വനം നിയമ ഭേദഗതി: ആലോചനയില്ലാതെ സർക്കാർ; ഒറ്റപ്പെട്ട് പിൻമാറ്റം

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ ഒട്ടും വീണ്ടുവിചാരമില്ലാതെ കൊണ്ടു വന്ന കർഷക വിരുദ്ധ നിയമഭേദഗതി വിഴുങ്ങി സർക്കാർ. പ്രതിപക്ഷം സമരം പ്രഖ്യാപിച്ചതോടെ മുഖം രക്ഷിക്കാനായി മുഖ്യമന്ത്രിക്കു തന്നെ നേരിട്ടെത്തി പിന്മാറ്റം പ്രഖ്യാപിക്കേണ്ടി വന്നു. പൊലീസിന്റെ അധികാരം കൂടി കവർന്നെടുക്കാൻ വനം വകുപ്പിലെ ഉന്നതഉദ്യോഗസ്ഥർ നടത്തിയ നീക്കത്തിനെതിരെ ജാഗ്രതയോടെ ഇടപെടാതിരുന്നതാണ് ഈ നാണക്കേടിനു കാരണമായത്.
നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിയമം പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നു കൂടി വ്യക്തമായതോടെയാണ് തിരക്കിട്ടുള്ള പിന്മാറ്റം. പ്രതിപക്ഷത്തു മാത്രമല്ല, ഭരണപക്ഷത്തും എതിർപ്പ് രൂക്ഷമായിരുന്നു. നിയമം തിരുത്തണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് സർക്കാരിനോട് ആവശ്യപ്പെടേണ്ടി വന്നു. പാർട്ടിയോ എൽഡിഎഫോ ചർച്ച ചെയ്യാതെയാണോ ഈ തീക്കളിക്ക് ഒരു ഘടകകക്ഷിയും അതിന്റെ വനം മന്ത്രിയും മുതിർന്നതെന്ന ചോദ്യം ശക്തം.
ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 27 മുതൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ മലയോര സമരയാത്ര യുഡിഎഫ് പ്രഖ്യാപിച്ചതോടെ സർക്കാർ വെട്ടിലായിരുന്നു. മലയോര ജില്ലകളിൽ ബില്ലിനെതിരെ പ്രക്ഷോഭം കടുത്തതും അതു വക വയ്ക്കാതെ സഭയിൽ അവതരിപ്പിച്ചാൽ പ്രത്യാഘാതം അതീവ ഗുരുതരമാകുമെന്ന വിലയിരുത്തലും ഉപേക്ഷിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.
കർഷക സംഘടനകളും ക്രൈസ്തവ സംഘടനകളും പ്രതിപക്ഷവും ഒന്നടങ്കം രംഗത്തെത്തിയിട്ടും എന്തു വില കൊടുത്തും ഭേദഗതി നടപ്പാക്കാനുള്ള വനം വകുപ്പിന്റെ നിർബന്ധ ബുദ്ധിക്ക് കൂടിയാണ് തിരിച്ചടിയേറ്റത്. പ്രതിഷേധങ്ങളുമായി കർഷകർ സംഘടിക്കുന്നത് തടയാനാണ് ബില്ലിനു വേണ്ടി വകുപ്പ് തിരക്കുകൂട്ടിയതെന്ന ആക്ഷേപവും ശക്തം.
ഇംഗ്ലിഷ് പരിഭാഷ പുറത്തു വിട്ട് ഒന്നര മാസത്തിനു ശേഷം മലയാള പരിഭാഷ പ്രസിദ്ധീകരിച്ചതും ജനങ്ങൾക്ക് അഭിപ്രായങ്ങൾ നൽകാനുള്ള സമയപരിധി വെട്ടിച്ചുരുക്കാൻ ശ്രമിച്ചതും സുതാര്യതയില്ലായ്മയുടെ തെളിവായി. ഒക്ടോബറിൽ ഇതേ മന്ത്രിസഭാ യോഗം തന്നെയാണ് ഭേദഗതിക്ക് അനുമതി നൽകിയത്. മതിയായ ചർച്ചയോ പരിശോധനയോ നടത്താതെയാണോ മന്ത്രിസഭ ഇതിന് അംഗീകാരം കൊടുത്തതെന്ന ചോദ്യമാണ് ഉയരുന്നത്.
വിവാദ വ്യവസ്ഥകൾക്കെതിരെ കർഷക സംഘടനകൾ തുടക്കത്തിൽ തന്നെ രംഗത്തെത്തിയെങ്കിലും വനം വകുപ്പ് വസ്തുതകൾ മൂടി വയ്ക്കാനാണ് ശ്രമിച്ചത്.
വകുപ്പിന്റെ വിശദീകരണക്കുറിപ്പുകളിൽ നിന്ന് ഇതു വ്യക്തമായിരുന്നു. മന്ത്രിസഭയിൽ പങ്കാളിയായ കേരള കോൺഗ്രസ് (എം) തന്നെ ബില്ലിനെതിരെ രംഗത്തു വന്നു. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളെ കൂടി ലക്ഷ്യമിട്ട് മലയോര യാത്ര യുഡിഎഫ് പ്രഖ്യാപിച്ചതോടെ പാർട്ടി സമ്മർദത്തിലായിരുന്നു. ആദ്യഘട്ടത്തിൽ വകുപ്പും മന്ത്രിയും എതിർപ്പുകളെ നിസ്സാരവൽക്കരിച്ചെന്ന വിമർശനം എൽഡിഎഫിലുണ്ട്. കർഷക സംഘടനകളുമായി വനം മന്ത്രി ചർച്ച നടത്തി അഭിപ്രായം സ്വരൂപിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചെങ്കിലും അതുണ്ടായില്ല.