വയനാട്ടിൽ കാലാവസ്ഥാ റഡാർ കാലവർഷത്തിന് മുൻപ്

Mail This Article
ന്യൂഡൽഹി ∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് അനുവദിച്ച എക്സ് ബാൻഡ് കാലാവസ്ഥാ റഡാർ കാലവർഷത്തിനുമുൻപ് പ്രവർത്തനം ആരംഭിച്ചേക്കും. ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന സെമിനാറിൽ അധ്യക്ഷത വഹിച്ച സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ.കെ.പി.സുധീർ ആണ് കേരളത്തിന്റെ ആവശ്യം ഒരിക്കൽ കൂടി ഭൗമമന്ത്രാലയ സെക്രട്ടറി എം.രവിചന്ദ്രനോടും ഐഎംഡി മേധാവി ഡോ.എം.മഹാപത്രയോടും ഉന്നയിച്ചത്. വയനാട് പുൽപള്ളി പഴശ്ശിരാജ കോളജ് പരിസരമാണ് റഡാർ കേന്ദ്രത്തിന് അനുയോജ്യമെന്ന് ഐഎംഡി കണ്ടെത്തി. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമേ മലബാറിൽ കൂടി റഡാർ വരുന്നതോടെ കേരളമാകെ നിരീക്ഷണ പരിധിയിൽ വരുമെന്നാണു പ്രതീക്ഷ. സ്ഥലം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ശ്രമം ഫലം കണ്ടു. 100 കിലോമീറ്റർ ചുറ്റളവിൽ ഓരോ ഭൗമചലനവും പിടിച്ചെടുക്കാൻ ശേഷിയുള്ളതാണ് നിർദിഷ്ട റഡാർ. മംഗളൂരുവിൽ 250 കിലോമീറ്റർ നിരീക്ഷണ ശേഷിയുള്ള സി ബാൻഡ് റഡാറും ഇതോടൊപ്പം സ്ഥാപിക്കും. ഇതോടെ വടക്കൻ കേരളത്തിലെ ദുരന്ത സാധ്യത മുൻകൂട്ടി അറിയാൻ കഴിയും. പുതിയ റഡാറിനുള്ള കരാർ ഭൗമമന്ത്രാലയം നൽകിക്കഴിഞ്ഞു. റഡാർ വന്നാലും പ്രളയം പോലുള്ളവ പ്രവചിക്കാൻ ഗണിത മാതൃകകളെ തുടർന്നും ആശ്രയിക്കേണ്ടി വരും.