25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ച കേസ്: പ്രതിയെ വിട്ടയച്ചു

Mail This Article
കൊച്ചി∙ 25000 കോടി രൂപയുടെ ലഹരിമരുന്നു കേരള തീരത്തു നിന്നു പിടികൂടിയ കേസിലെ പ്രതിയായ ഇറാൻ പൗരൻ സുബൈറിനെ വിചാരണക്കോടതി വിട്ടയച്ചു. 2023ലാണ് ഇന്ത്യൻ നേവി സുബൈറിനെ പിടികൂടിയത്. കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ എൻസിബിയാണു കേസ് റജിസ്റ്റർ ചെയ്തു പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചത്. 2525 കിലോഗ്രാം രാസലഹരി പദാർഥവും പിടികൂടിയിരുന്നു.
പാക്കിസ്ഥാൻ പൗരനെന്ന സംശയത്തിലാണു കസ്റ്റഡിയിലെടുത്തതെങ്കിലും അന്വേഷണത്തിൽ ഇറാൻ പൗരനാണെന്നു വ്യക്തമായി. പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്ത്യൻ സമുദ്രാതിർത്തിക്കു പുറത്തുനിന്നാണെന്ന് അറസ്റ്റിലായപ്പോൾ മുതൽ പ്രതിഭാഗം വാദം ഉന്നയിച്ചിരുന്നു. കോടതിയിൽ എൻസിബി നൽകിയ സത്യവാങ്മൂലത്തിൽ പിടിച്ചെടുത്ത ദൂരത്തെക്കുറിച്ചു വ്യക്തമാക്കിയിരുന്നില്ല.
തന്നെ കൂടാതെ 5 പേർ കൂടി കപ്പലിൽ ഉണ്ടായിരുന്നതായും കപ്പലിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളെക്കുറിച്ചു തനിക്ക് അറിവ് ഇല്ലെന്നുമുള്ള പ്രതിഭാഗം വാദം അംഗീകരിച്ചാണു കോടതിയുടെ നടപടി. കപ്പലിൽ സഞ്ചരിച്ചിരുന്ന മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പ്രോസിക്യൂഷൻ മറച്ചുവച്ചതായും കോടതി നിരീക്ഷിച്ചു.