അയൽവാസി വീട്ടിൽക്കയറി 3 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; അക്രമി മോഷണക്കേസ് ഉൾപ്പെടെ 3 കേസുകളിൽ പ്രതി

Mail This Article
പറവൂർ (കൊച്ചി) ∙ ചേന്ദമംഗലം പേരേപ്പാടത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വീട്ടിൽക്കയറി അടിച്ചു കൊലപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ. കേസിലെ പ്രതി ചേന്ദമംഗലം കണിയാപറമ്പിൽ ഋതു ജയൻ (28) പൊലീസിൽ കീഴടങ്ങി. ഇരുമ്പു പൈപ്പുകൊണ്ടാണു പ്രതി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് ആറിനാണ് അതിദാരുണമായ കൂട്ടക്കൊല. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരാണു കൊല്ലപ്പെട്ടത്. വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിൻ– വിനീഷ ദമ്പതികളുടെ മക്കളുടെ മുൻപിലായിരുന്നു ക്രൂരമായ ആക്രമണം. ഋതു മോഷണക്കേസ് ഉൾപ്പെടെ 3 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ലഹരിക്കടിമയാണെന്നു മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.

സംഭവമറിഞ്ഞെത്തിയ ജിതിന്റെ സുഹൃത്തുകളാണു നാലുപേരെയും ആശുപത്രിയിലെത്തിച്ചത്. നാലുപേരും തലയ്ക്ക് അടിയേറ്റ് ചോരയിൽ കുളിച്ചു നിലത്തു കിടക്കുകയായിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപു വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകർത്ത സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു വേണുവിന്റെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. വിനീഷയെ ഋതു നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്തിരുന്നതായും പറയപ്പെടുന്നു.
ആക്രമിക്കാനുപയോഗിച്ച ഇരുമ്പുവടിയും 2 കത്തിയും വീട്ടിൽ നിന്നു കണ്ടെടുത്തു. ജിതിന്റെ ബൈക്ക് എടുത്താണ് ഋതു വടക്കേക്കര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിലേക്കു മാറ്റി. വിനീഷയുടെയും ജിതിന്റെയും മക്കളായ ആറാം ക്ലാസ് വിദ്യാർഥിനി ആരാധിക, ഒന്നാം ക്ലാസ് വിദ്യാർഥിനി അവിനി എന്നിവരെ ബന്ധുവീടുകളിലേക്കു മാറ്റി. നിതയാണു മരിച്ച വിനീഷയുടെ സഹോദരി. ജിതിൻ വിദേശത്തായിരുന്നു. ഫെബ്രുവരിയിൽ തിരികെ പോകാനിരിക്കുകയായിരുന്നു.