ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; ഹൈക്കോടതി മുൻ ജഡ്ജിക്ക് 90 ലക്ഷം രൂപ നഷ്ടപ്പെട്ടു

Mail This Article
തൃപ്പൂണിത്തുറ ∙ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന് ഇരയായ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ശശിധരൻ നമ്പ്യാർക്ക് (73) 90 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഓൺലൈൻ ട്രേഡിങ് പഠിപ്പിക്കാൻ ‘ആദിത്യ ബിർള ഇക്വിറ്റി ലേണിങ്’ എന്ന വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയാണു തട്ടിപ്പു നടത്തിയത്. ഗ്രൂപ്പിന്റെ അഡ്മിൻമാരായ അയാന ജോസഫ്, വർഷ സിങ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
നിക്ഷേപത്തിന് 850 ശതമാനം ലാഭം വാഗ്ദാനം ചെയ്താണു പ്രതികൾ ഗ്രൂപ്പ് അംഗങ്ങളെ ട്രേഡിങ്ങിനു പ്രേരിപ്പിച്ചിരുന്നത്. പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ‘ട്രേഡിങ് ഗുരുവായി’ സ്വയം അവതരിപ്പിച്ചു ഗ്രൂപ്പ് അംഗങ്ങളുടെ വിശ്വാസം നേടുന്നതാണു തട്ടിപ്പിന്റെ ആദ്യപടി. അംഗങ്ങൾക്കു നിക്ഷേപം നടത്താനുള്ള പ്രേരണ നൽകിയ ശേഷം ഓൺലൈനായി പണം അടയ്ക്കാനുള്ള ലിങ്ക് ഗ്രൂപ്പിൽ ഷെയർ ചെയ്യും.
താൽപര്യമുള്ളവർ ഈ ലിങ്ക് തുറന്നു കയറുമ്പോൾ പണം നിക്ഷേപിക്കാനുള്ള വഴി തുറക്കും. അതിനുള്ള ആപ്പ് അംഗങ്ങളുടെ ഫോണിലോ ലാപ്ടോപ്പിലോ ഡൗൺലോഡാവും. തുടർന്നു പ്രതികൾ ഉപദേശിക്കുന്ന രീതിയിൽ അംഗങ്ങൾ പണം നിക്ഷേപിക്കും. മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാതാവുമ്പോഴാണു പലരും തട്ടിപ്പു തിരിച്ചറിയുന്നത്.
ജസ്റ്റിസ് ശശിധരൻ നമ്പ്യാർ പല ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി എടുത്ത പണം കഴിഞ്ഞ ഡിസംബറിലാണു നിക്ഷേപിച്ചത്. ലാഭമോ മുതലോ ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ കഴിഞ്ഞ അഞ്ചിനു ഹിൽപാലസ് പൊലീസിൽ പരാതി നൽകി. നിക്ഷേപിച്ച തുകയിൽ 28 ലക്ഷം രൂപ ബാങ്കുകാരുടെ സഹായത്തോടെ മരവിപ്പിച്ചു.