ദേശീയ ഗെയിംസ്: കളരിപ്പയറ്റ് മത്സര ഇനമാക്കാൻ കഴിയില്ലെന്ന് പി.ടി. ഉഷ

Mail This Article
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്തില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ വ്യക്തമാക്കി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ഉഷയുടെ പ്രതികരണം.
കോടതി വിധിയെക്കുറിച്ച് അറിയില്ലെന്നും ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമങ്ങളും ചട്ടങ്ങളുമുണ്ടെന്നും ഉഷ പറഞ്ഞു. ഇന്ത്യയിൽ ഒരുപാട് കായിക ഇനങ്ങളുണ്ട്. അതെല്ലാം ഒരു ഗെയിംസിൽ ഉൾപ്പെടുത്താനാകില്ല. ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് പോലുള്ള രാജ്യാന്തര വേദികളിൽ അംഗീകാരമുള്ള ഇനങ്ങളാണ് പൊതുവേ ഉൾപ്പെടുത്താറുള്ളത്. അത്തരം 34 ഇനങ്ങളാണ് ഇത്തവണ ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിനു പുറമേ ആതിഥ്യം വഹിക്കുന്ന സംസ്ഥാനങ്ങൾക്ക് 2 ഇനങ്ങൾ പ്രത്യേകമായി അനുവദിക്കും. ഇത്തവണ ആതിഥ്യം വഹിക്കുന്നത് ഉത്തരാഖണ്ഡ് ആയതിനാൽ അവർ ആവശ്യപ്പെട്ട 2 ഇനങ്ങൾ അനുവദിച്ചിട്ടുണ്ട്. അടുത്ത തവണ മുതൽ കൂടുതൽ ഗെയിംസ് ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതിനായി പ്രത്യേക നിയമങ്ങൾ കൊണ്ടുവരും.
കേരളം ആതിഥ്യം വഹിച്ച 2015 ലെ ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിച്ചത്. അന്ന് പ്രദർശനയിനമായിരുന്നു. 2023 ഗോവ ഗെയിംസിൽ മത്സരയിനമായി. എന്നാൽ, ഇക്കുറി പ്രദർശന ഇനങ്ങളുടെ നിരയിലേക്കു മാറ്റി.
ഹൈക്കോടതി നിർദേശം പാലിക്കാതെയുള്ള ഒളിംപിക്സ് അസോസിയേഷന്റെ നീക്കത്തിനെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് ഹർജിക്കാരി ഹർഷിത യാദവിന്റെ അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപി പറഞ്ഞു.
ഒഴിവാക്കൽ: പ്രതിഷേധിച്ച് കേരള സർക്കാർ
തിരുവനന്തപുരം∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി നിലനിർത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടും തയാറാകാത്ത ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) നിലപാടിനെതിരെ സംസ്ഥാന സർക്കാർ. ഹൈക്കോടതി വിധിയെക്കുറിച്ച് അറിയില്ലെന്നും ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പുതിയ ഇനം ഉൾപ്പെടുത്തുന്നത് പ്രയാസമാണെന്നുമുള്ള ഐഒഎ പ്രസിഡന്റ് പി.ടി.ഉഷയുടെ നിലപാട് നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
∙കളരിപ്പയറ്റ് ഒഴിവാക്കിയെന്ന വിവരം അറിഞ്ഞപ്പോൾത്തന്നെ അതിനെതിരെ കേന്ദ്ര കായിക മന്ത്രാലയത്തിനും ഐഒഎയ്ക്കും കത്തെഴുതിയെങ്കിലും പ്രതികരണം ഉണ്ടായില്ല. മലയാളിയായ പി.ടി.ഉഷ അധ്യക്ഷയായിരിക്കുമ്പോൾ ഇത്തരത്തിലൊരു ഒഴിവാക്കലുണ്ടായത് അമ്പരപ്പിച്ചു. ലോകം അംഗീകരിച്ച ഈ ആയോധനകലയെ പ്രോത്സാഹിപ്പിക്കേണ്ട ചുമതലയുള്ള ആൾ തന്നെ അതിനെതിരെ നിലപാടെടുക്കുന്നത് അംഗീകരിക്കാനാകില്ല’– മന്ത്രി പറഞ്ഞു.