‘കേരള’ ചർച്ചകളിലേക്ക് എഐസിസി; രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്, കെ.സിയും ദീപ ദാസ്മുൻഷിയും പങ്കെടുക്കും

Mail This Article
തിരുവനന്തപുരം ∙ രാഷ്ട്രീയ–സംഘടനാ തീരുമാനങ്ങളെടുക്കാനും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുമുള്ള സുപ്രധാന ചർച്ചകളിലേക്കു കോൺഗ്രസ് ഇന്നു കടക്കും. ഉച്ചയ്ക്ക് 2.30ന് കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി യോഗം ചേരും. എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും യോഗത്തിൽ പങ്കെടുക്കും.
ഏകദേശം ഒന്നര വർഷത്തിനു ശേഷമാണു രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി വളരെ നേരത്തേ സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് ക്യാംപ് സംഘടിപ്പിച്ചെങ്കിലും തുടർനടപടികൾ ചർച്ച ചെയ്യേണ്ട പ്രധാന ഫോറമായ രാഷ്ട്രീയകാര്യസമിതി ചേർന്നില്ല. സമിതിയുടെ വിപുലീകരണത്തിനു ശേഷമുള്ള യോഗം എന്ന പ്രത്യേകതയും ഇന്നത്തെ ചർച്ചകൾക്കുണ്ട്. കഴിഞ്ഞ ഞായറാഴ്ച ചേരാനിരുന്ന യോഗം സംസ്ഥാനത്തെ നേതാക്കളുടെ അസൗകര്യം മൂലം മാറ്റിവച്ചതു വിവാദമായിരുന്നു.
തർക്കങ്ങൾ മാറ്റിവച്ച് കേരളത്തിലെ പാർട്ടി ഐക്യത്തോടെ നീങ്ങണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദേശം യോഗത്തിൽ ഉണ്ടായേക്കും. പുനഃസംഘടനയുടെ വിശദാംശങ്ങളും ആലോചിക്കും. ബ്ലോക്ക് വരെയുള്ള പുനഃസംഘടന പുരോഗതി കൈവരിച്ചിട്ടുണ്ട്. ഡിസിസിതലത്തിലെ മാറ്റം, കെപിസിസി സെക്രട്ടറിമാരുടെ നിയമനം, കെപിസിസി ഭാരവാഹിപ്പട്ടിക വിപുലീകരിക്കൽ തുടങ്ങിയവയുടെ കാര്യത്തിലും എന്തുവേണമെന്ന ധാരണ രൂപപ്പെടണം.
സമിതിയിൽ പങ്കെടുക്കാനെത്തുന്ന നേതാക്കളുമായി ദീപ ദാസ്മുൻഷി ഇന്നും നാളെയും പ്രത്യേക ചർച്ച നടത്തും. കെപിസിസി തലപ്പത്ത് മാറ്റം വേണോ എന്നതാണ് ചർച്ചയുടെ കേന്ദ്രബിന്ദു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് മാറണമെന്ന ഒരു വിഭാഗം നേതാക്കളുടെ വാദത്തോടു കെ.സുധാകരൻ യോജിക്കുന്നില്ല. യാത്ര ചെയ്യാനടക്കം തനിക്കു ബുദ്ധിമുട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം. സംസ്ഥാന നേതാക്കളുടെ പൊതുഅഭിപ്രായം കണക്കിലെടുത്തു തീരുമാനമെടുക്കാമെന്ന മനോഭാവത്തിലാണ് എഐസിസി. ദീപ ദാസ്മുൻഷി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഹൈക്കമാൻഡിന്റെ തുടർ ചർച്ച.