ബി.അശോകിന്റെ നിയമനം: തീരുമാനത്തിലുറച്ച് വിശദീകരണം നൽകാൻ സർക്കാർ

Mail This Article
തിരുവനന്തപുരം∙ തദ്ദേശഭരണ കമ്മിഷൻ അധ്യക്ഷനായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് സംസ്ഥാന സർക്കാർ വൈകാതെ വിശദീകരണം നൽകും. ഉദ്യോഗസ്ഥരെ എവിടെ നിയമിക്കണമെന്നു നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും അശോകിന്റെ നിയമനം മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും വിശദീകരിക്കും. ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി വാങ്ങാതെ കേഡറിനു പുറത്തുള്ള തസ്തികകളിൽ നിയമിക്കാനുള്ള അധികാരം സർക്കാരിനില്ലെന്നാണ് അശോകിന്റെ വാദം.
സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അശോക് നേരത്തേ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കത്തയച്ചിരുന്നു. നിയമനം റദ്ദാക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറി മറുപടി നൽകിയതിനു പിന്നാലെയാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഹർജി വീണ്ടും പരിഗണിക്കുന്ന ഈ മാസം 24 വരെ നിയമനം സ്റ്റേ ചെയ്ത ട്രൈബ്യൂണൽ, സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെ കേഡർ തസ്തികയിലേക്കു സ്ഥലംമാറ്റിയാൽ ഏറ്റെടുത്തേ പറ്റൂവെന്നാണു ചട്ടം. എന്നാൽ, തദ്ദേശഭരണ കമ്മിഷന്റേത് കേഡറിനു പുറത്തുള്ള തസ്തികയാണ്. ചട്ടവിരുദ്ധ നിയമനം അംഗീകരിക്കില്ലെന്ന് അശോക് ഉറച്ച നിലപാടെടുത്തതോടെ, നിർബന്ധിത നിയമനം സർക്കാരിനു തലവേദനയാകും. കൂടുതൽ നിയമക്കുരുക്കിനും വഴിതുറക്കാം.