ബിജെപി: 50 മണ്ഡലങ്ങളിലെ പ്രസിഡന്റുമാരുടെ പ്രഖ്യാപനം മാറ്റി

Mail This Article
തിരുവനന്തപുരം ∙ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാനത്താകെ 50 മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനം മാറ്റിവച്ചു. മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രായക്കൂടുതൽ പ്രഖ്യാപനത്തിനു തടസ്സമായത്. 1980ന് ശേഷം ജനിച്ചവരായിരിക്കണം മണ്ഡലം പ്രസിഡന്റാകേണ്ടത് എന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ മാനദണ്ഡം. രണ്ടും മൂന്നും മാസത്തെ വ്യത്യാസം പ്രശ്നമാകില്ലെന്നു വിലയിരുത്തിയായിരുന്നു നടപടി. എന്നാൽ പ്രായത്തിൽ വിട്ടുവീഴ്ചയില്ലെന്നും പുതിയ പ്രസിഡന്റിനെ കണ്ടെത്താനുമാണു കേന്ദ്രനിർദേശം.
വനിതാ, ന്യൂനപക്ഷ സമുദായ താൽപര്യങ്ങൾ പരിഗണിക്കുന്ന പേരുകൾ ചിലത് ഉൾപ്പെടുത്തണമെന്നതിനെത്തുടർന്ന് ചില മണ്ഡലങ്ങൾ മാറ്റിവച്ചിട്ടുണ്ട്. മലപ്പുറത്ത് 12 മണ്ഡലം കമ്മിറ്റികളാണ് ഇതുവരെയായത്. 20 കമ്മിറ്റികളാണ് ഇനിയാകേണ്ടത്. തിരുവനന്തപുരത്ത് 9 മണ്ഡലം കമ്മിറ്റികളിൽ പ്രസിഡന്റായില്ല. എട്ടിലും പ്രായമാണ് തടസ്സം. 140 നിയോജകമണ്ഡലങ്ങളിലും 2 മണ്ഡലം എന്ന കണക്കിൽ 280 മണ്ഡലം കമ്മിറ്റികളാണ് നിലവിൽ. മണ്ഡലം കമ്മിറ്റിയിൽ 14 പേരും ജില്ലാ കമ്മിറ്റിയിൽ 17 പേരുമാണ് ഭാരവാഹികളായി എത്തുന്നത്.
14 ജില്ലാ കമ്മിറ്റികളെ 30 സംഘടനാ ജില്ലാ കമ്മിറ്റികളായി വർധിപ്പിച്ചതോടെ നേരത്തേ ആകെ ജില്ലയിൽ 238 ഭാരവാഹികൾ എന്നത് 510 ഭാരവാഹികളായി ഉയരും. ഫെബ്രുവരി 6ന് ഡൽഹി തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ ബിജെപിയുടെ ദേശീയ പ്രസിഡന്റ് പ്രഖ്യാപനമുണ്ടാകും.