ADVERTISEMENT

കൊച്ചി/ തിരുവനന്തപുരം∙ ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിറ്റി നൽകിയ കേരള കോർട്ട്ഫീ നിയമഭേദഗതി ശുപാർശ നടപ്പാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷകൾക്കു കോർട്ട്ഫീ നൽകേണ്ടി വരും. ഹൈക്കോടതിയിൽ 500 രൂപ, സെഷൻസ് കോടതിയിൽ 250 രൂപ, മജിസ്ട്രേട്ട് കോടതിയിൽ 50 രൂപ എന്നിങ്ങനെ ഫീസ് ചുമത്താനാണു ശുപാർശ. ഇതുൾപ്പെടെ, നിലവിൽ കോടതിഫീസ് ബാധകമല്ലാത്ത ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ ചില മേഖലകളിലെ നിയമനടപടികൾക്കും ഫീസ് വരും.

നിശ്ചിത നിരക്കിൽ കോടതിഫീസ് ഈടാക്കുന്ന വിവിധയിനം വ്യവഹാരങ്ങളുടെ കോർട്ട് ഫീ 5 മടങ്ങ് ആക്കാനാണു കമ്മിഷന്റെ ശുപാർശ. നാമമാത്ര ഫീസുള്ള മജിസ്ട്രേട്ട് കോടതിയിലെ ആബ്സന്റ് അപേക്ഷ, അഡ്ജേൺമെന്റ് അപേക്ഷ തുടങ്ങിയവയ്ക്ക് 10 മടങ്ങ് ഈടാക്കും. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഫീസിൽ ഇളവ് അനുവദിക്കണമെന്നും ശുപാർശയുണ്ട്. കോടതിക്കു പുറത്തു തീർപ്പാക്കുന്ന കേസുകളിൽ കോടതി ഫീസ് തിരികെ നൽകണമെന്നും നിർദേശമുണ്ട്.  

ശുപാർശകളിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കുക. സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടുംബക്കോടതികളിലെ ഫീസ് നിരക്ക് നഷ്ടപരിഹാരത്തിന്റെ തോതനുസരിച്ച് സ്ലാബ് രീതിയിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

പൊതു ആവശ്യങ്ങൾക്കു ഭൂമിയേറ്റെടുക്കുമ്പോഴും ഭൂമി ഉപയോഗിക്കാനുള്ള അവകാശം എടുക്കുമ്പോഴും ഉടമയ്ക്കു നൽകുന്ന നഷ്ടപരിഹാരം ജില്ലാക്കോടതിയിൽ കേസ് നടത്തി കൂട്ടി വാങ്ങുന്നതിന് ഇതുവരെ കോർട്ട്ഫീ നൽകേണ്ടിയിരുന്നില്ല. പുതിയ ശുപാർശ അനുസരിച്ച് അധികത്തുകയുടെ നിശ്ചിത ശതമാനം ഫീസ് നൽകണം. പെട്രോളിയം നിയമപ്രകാരമുള്ള പൈപ്പിടൽ, ഇന്ത്യൻ ടെലിഗ്രാഫ് നിയമം ബാധകമായ നിർമിതികൾ, ഇന്ത്യൻ ഇലക്ട്രിസിറ്റി നിയമം ബാധകമായ ടവർലൈൻ ഉൾപ്പെടെ നിർമാണങ്ങൾ തുടങ്ങിയവയ്ക്കു ഭൂമി ഉപയോഗിക്കുമ്പോൾ ഉടമയ്ക്കു നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച തർക്കങ്ങളിലും കോടതി അനുവദിക്കുന്ന അധിക തുകയ്ക്കു ഫീസ് ബാധകമാകും.

ആർബിട്രേഷൻ കേസുകളുമായി ബന്ധപ്പെട്ട ഹർജികളിൽ അതിൽ ഉൾപ്പെട്ട തുകയുടെ നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കാനും ശുപാർശയുണ്ട്. ഇതിനൊന്നും ഇപ്പോൾ കോടതി ഫീസ് ബാധകമല്ല. അതേസമയം, കേസിലുൾപ്പെട്ട ഇടപാടിന്റെ മൂല്യത്തിന് ആനുപാതികമായി കോർട്ട്ഫീ ചുമത്തുന്ന വിഭാഗത്തിലെ വ്യവഹാരങ്ങളുടെ ഫീസ് പരിഷ്കരണം കമ്മിറ്റി പരിഗണിച്ചിട്ടില്ല. ഇതിനു മുൻപ് 2003ൽ ആണു കോടതി ഫീസ് പരിഷ്കരിച്ചത്.

∙നീതി നടത്തിപ്പിന് സർക്കാരിനുമേൽ  കനത്ത സാമ്പത്തിക ഭാരമാണുള്ളത്. 2023ലെ ബജറ്റ് അനുസരിച്ച് നീതിന്യായ സ്ഥാപനങ്ങളിൽനിന്നു  ലഭിച്ച വരുമാനം 125.65 കോടിയാണെങ്കിൽ ചെലവ് 1248.75 കോടിയാണ്. വരവിന്റെ പത്തിരട്ടിയാണിത്. നാണയപ്പെരുപ്പ  നിരക്കും ലോ കമ്മിഷൻ ശുപാർശയും പരിഗണിച്ച് പത്തിരട്ടി വരെ ഫീസ് വർധിപ്പിക്കാമെങ്കിലും കക്ഷികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് അഞ്ചിരട്ടിയാക്കാൻ ശുപാർശ ചെയ്തത്.-ജസ്റ്റിസ് വി.കെ.മോഹനൻ

English Summary:

Kerala court fees to increase fivefold: Justice Mohanan committee recommendation

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com