നയപ്രഖ്യാപനം പൂർണമായി വായിച്ച് ഗവർണർ: നേട്ടങ്ങൾ നിരത്തി; കേന്ദ്രത്തോട് മയം

Mail This Article
തിരുവനന്തപുരം∙ വയനാട് പുനരധിവാസം, യുജിസി ചട്ട ഭേദഗതി തുടങ്ങി മുഖ്യമന്ത്രി കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന വിഷയങ്ങളിൽ തൊടാതെയും ജനങ്ങളുടെ എതിർപ്പു വിളിച്ചുവരുത്തിയ സിൽവർലൈൻ പദ്ധതിയെക്കുറിച്ചു പരാമർശിക്കാതെയും പുതിയ ഗവർണർ രാജേന്ദ്ര അലർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം. കേന്ദ്രത്തെ പേരിനു മാത്രം വിമർശിക്കുന്ന ഒരു ഖണ്ഡിക മാത്രം സർക്കാർ ഉൾപ്പെടുത്തിയതിനാൽ തന്റെ ഒരു മണിക്കൂർ 56 മിനിറ്റ് പ്രസംഗത്തിൽ ഗവർണർക്ക് ഒരു വാക്കുപോലും വായിക്കാതെ വിടേണ്ടി വന്നില്ല.
വൈവിധ്യത്തെ ബഹുമാനത്തോടെ ഉൾക്കൊണ്ട ഒരു രാജ്യത്ത് വ്യത്യാസങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ദേശീയ പ്രസ്ഥാനത്തിന്റെ ശ്രേഷ്ഠമായ ആദർശങ്ങൾക്കും എതിരാണെന്ന് ‘ഉപസംഹാര’ത്തിൽ സൂചിപ്പിച്ചതല്ലാതെ, രാഷ്ട്രീയമായി കേന്ദ്രത്തെ നോവിച്ചില്ല. സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടിക അക്കമിട്ടു നിരത്തിയപ്പോൾ വമ്പൻ പ്രഖ്യാപനങ്ങൾ ഒഴിവാക്കി.
വരുമാനം കൂട്ടാനും ചെലവു കുറയ്ക്കാനും സർക്കാർ ശ്രമിക്കുമ്പോൾ കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിലെ കുറവാണു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതെന്നു ഗവർണർ വായിച്ചു. കേന്ദ്ര വിഭജന പൂളിൽനിന്നുള്ള കേരളത്തിന്റെ വിഹിതം പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നത് പതിനഞ്ചാം കമ്മിഷന്റെ കാലത്ത് 1.925 ശതമാനമായി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്റുകളും കേന്ദ്രാവിഷ്കൃത പദ്ധതികളിലെ നിയന്ത്രണ വ്യവസ്ഥകളുമായി കൂട്ടിയോജിപ്പിച്ച് നിർത്തലാക്കിയതും പുതിയ വായ്പാനിയന്ത്രണവും സർക്കാരിനു സാരമായ സാമ്പത്തിക വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പൂർണശേഷി പ്രയോജനപ്പെടുത്തുന്നതിന് 5000 കോടി രൂപയുടെ പ്രത്യേക സാമ്പത്തികസഹായം കേന്ദ്രത്തോടു തേടിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത അടിച്ചേൽപിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവു നിബന്ധന പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ റെയിൽ വികസന പദ്ധതികൾക്ക് അനുമതി നൽകണമെന്നു കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തിവരുന്നുവെന്നും പ്രസംഗത്തിലുണ്ട്.