നയപ്രഖ്യാപനം: വമ്പൻ പ്രഖ്യാപനങ്ങളില്ല; 1.2 ലക്ഷം ഭൂരഹിതർക്ക് കൂടി പട്ടയം

Mail This Article
തിരുവനന്തപുരം∙ സർക്കാരിന്റെ കാലാവധി അവസാനിക്കുംമുൻപ് 1.2 ലക്ഷം ഭൂരഹിതർക്കു കൂടി പട്ടയം നൽകുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റലായി ഇൻസെന്റീവുകൾ വിതരണം ചെയ്യും. കൂടുതൽ തരിശുഭൂമി കൃഷിക്കു ലഭ്യമാക്കാനായി ക്രോപ് കൾട്ടിവേറ്റേഴ്സ് കാർഡ് നടപ്പാക്കും.
∙ കോഴിവളർത്തലിനു സ്കൂൾ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ കെപ്കോ ആശ്രയ പദ്ധതി ആരംഭിക്കും
∙ പാഠപുസ്തക പരിഷ്കരണം വരുന്ന അധ്യയന വർഷം നടപ്പാക്കും
∙ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി കേരളത്തെ മാറ്റും
∙ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യ വികസന കോഴ്സുകൾ ആരംഭിക്കും
∙ പ്രവാസി മലയാളികൾക്കായി നോർക്ക കെയർ എന്ന പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും.
∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള എല്ലാ സമവായ ശ്രമങ്ങളും നടത്തും
∙ ഉൾനാടൻ ജലഗതാഗത പാതയുടെ ഭാഗമായ കോവളം മുതൽ ബേക്കൽ വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാൽ ഇൗ വർഷം തന്നെ പ്രവർത്തന സജ്ജമാക്കും.
∙ ധനകാര്യ കരാറുകൾക്കു വേണ്ടിയുള്ള ഡിജിറ്റൽ ഡോക്യുമെന്റേഷൻ പ്ലാറ്റ്‌ഫോം റജിസ്ട്രേഷൻ നിർബന്ധമല്ലാത്ത ആധാരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും.
∙ വിവരാവകാശ അപേക്ഷയ്ക്കുള്ള അപ്പീലും ഓൺലൈനായി സമർപ്പിക്കാൻ സൗകര്യമൊരുക്കും.
അർജന്റീന ടീം വരുമോ? ഉറപ്പില്ലാതെ സർക്കാർ
തിരുവനന്തപുരം ∙ ഇൗ വർഷം അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനമെങ്കിൽ ഇക്കാര്യത്തിൽ വലിയ ഉറപ്പില്ലാത്ത മട്ടിലാണ് നയപ്രഖ്യാപനത്തിലെ വാക്കുകൾ. ഇൗ വർഷം അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു വിളിച്ചിട്ടുണ്ടെന്നു മാത്രമാണ് നയപ്രഖ്യാപനത്തിൽ ഗവർണർ വായിച്ചത്. 2020–21ൽ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 47,661 കോടിയായിരുന്നു. 2023–24ൽ ഇത് 77,038 കോടിയായി ഉയർന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരെ പുനരധിവസിപ്പിക്കാൻ ഒരു വർഷത്തിനുള്ളിൽ വയനാട്ടിൽ ടൗൺഷിപ് നിർമാണം പൂർത്തിയാക്കുമെന്നും സർക്കാരിനു വേണ്ടി ഗവർണർ ഉറപ്പു നൽകി.