വിഷം നൽകി മുത്തശ്ശിയെ കൊന്ന കേസ്: കൊച്ചുമകനും ഭാര്യയും കുറ്റക്കാർ

Mail This Article
മണ്ണാർക്കാട് (പാലക്കാട്) ∙ ഭക്ഷണത്തിൽ വിഷം കലർത്തി നൽകി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകനും ഭാര്യയും കുറ്റക്കാർ. കരിമ്പുഴ തോട്ടര ഈങ്ങാക്കോടൻ മമ്മിയുടെ ഭാര്യ നബീസ (71) കൊല്ലപ്പെട്ട കേസിലാണു നബീസയുടെ മകളുടെ മകൻ പടിഞ്ഞാറേതിൽ ബഷീർ, ഭാര്യ ഫസീല എന്നിവർ കുറ്റക്കാരാണെന്നു മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി കണ്ടെത്തിയത്. ശിക്ഷ ഇന്നു വിധിക്കും.
2016 ജൂൺ 24നു രാവിലെയാണു മണ്ണാർക്കാടിനടുത്ത് ആര്യമ്പാവ് ചെട്ടിക്കാട് ഭാഗത്ത് നബീസയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യക്കുറിപ്പും സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. എഴുതാൻ അറിയാത്ത നബീസയുടെ ആത്മഹത്യക്കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഫസീലയുടെ 43 പവൻ സ്വർണാഭരണം ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. ഇതു നബീസ എടുത്തതാണെന്നാണു ഫലീസ പറഞ്ഞിരുന്നത്. അതേസമയം ഇതു ഫസീല തന്നെ ഒളിപ്പിച്ചതാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ഒരു ബന്ധുവിന്റെ ആഭരണം നഷ്ടമായ സംഭവത്തിൽ ഫസീലയ്ക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ സംഭവങ്ങളെല്ലാം നബീസ പുറത്തുപറഞ്ഞതിനാലാണു നബീസയെ ഇല്ലാതാക്കാൻ ഫസീല തീരുമാനിച്ചത്.
2016 ജൂൺ 21നു മണ്ണാർക്കാട് നൊട്ടന്മലയിലെ ബന്ധുവിന്റെ വീട്ടിലേക്കു പോയ നബീസയെ 22നു ബഷീർ താമസിക്കുന്ന മണ്ണാർക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു കൊണ്ടുപോയി. അവിടെവച്ച് വിഷം നൽകി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. ഭക്ഷണത്തിലൂടെയും ബലമായും വിഷം നൽകി. 23നു പുലർച്ചെ ഒന്നോടെ കാറിൽ ബഷീറും ഭാര്യ ഫസീലയും ചേർന്ന് മൃതദേഹം ആര്യമ്പാവിൽ ഉപേക്ഷിച്ചു.
ബഷീർ ഒന്നാം പ്രതിയും ഫസീല രണ്ടാം പ്രതിയുമാണ്. കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിൽ പ്രതികൾ കുറ്റക്കാരാണെന്നു ജഡ്ജി ജോമോൻ ജോൺ വിധിച്ചു. കുറ്റക്കാരാണെന്നു കോടതി വിധിച്ചിട്ടും കൂസലില്ലാതെയാണ് ഇരുവരും പെരുമാറിയത്. കോടതി വരാന്തയിൽ മാധ്യമ പ്രവർത്തകരുടെ നേരെ ഫസീല കയ്യേറ്റ ശ്രമവും നടത്തി.