'ടെൻഡർ വിളിച്ച് ഡിസ്റ്റിലറി മുൻപ് അനുവദിച്ചിട്ടുണ്ടോ?': പ്രതിപക്ഷത്തോട് മന്ത്രി എം.ബി.രാജേഷ്

Mail This Article
തിരുവനന്തപുരം ∙ പുതിയ ഡിസ്റ്റിലറി അനുവദിക്കാൻ ടെൻഡർ വിളിക്കണമെന്നു പറയുന്ന പ്രതിപക്ഷം, ഇതുവരെ ടെൻഡർ വിളിച്ച് ഏതെങ്കിലും ഡിസ്റ്റിലറി കേരളത്തിൽ അനുവദിച്ചിട്ടുണ്ടോ എന്നുകൂടി വ്യക്തമാക്കണമെന്നു മന്ത്രി എം.ബി.രാജേഷ്. വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അവർ സമർപ്പിക്കുന്ന പദ്ധതിരേഖയും നിയമവും പരിശോധിച്ചാണ്. ഇവിടെയും അതാണുണ്ടായത്.
പുതിയ മദ്യോൽപാദനശാലകൾ അനുവദിക്കേണ്ടെന്ന് അന്നത്തെ നയ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് 1999ൽ സർക്കാർ തീരുമാനിച്ചത്. എന്നാൽ 2023–24ലെ മദ്യനയത്തിൽ, സംസ്ഥാനത്തിനാവശ്യമായ മദ്യവും ബീയറും ഇവിടെത്തന്നെ ഉൽപാദിപ്പിക്കാൻ ശ്രമിക്കുമെന്നും എഥനോൾ ഉൽപാദിപ്പിക്കാൻ തയാറാകുന്ന കമ്പനികൾക്ക് അനുമതി കൊടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഒരു കമ്പനിയാണു സർക്കാരിനെ സമീപിച്ചത്. അവരുടെ പദ്ധതിരേഖ പരിശോധിച്ചു ബോധ്യപ്പെട്ട്, നിയമങ്ങൾ പാലിക്കണമെന്ന നിബന്ധനയോടെ അനുമതി കൊടുത്തു.
മറ്റാരെങ്കിലും വന്നാലും ഇതേ പ്രക്രിയയിലൂടെ അനുമതി കൊടുക്കുകയോ, നിരസിക്കുകയോ ചെയ്യും. പെട്രോളിയം ഉൽപന്നങ്ങളിൽ 25 % എഥനോൾ ചേർക്കണമെന്നതു കേന്ദ്രനയമാണ്. എഥനോൾ ഉൽപാദിപ്പിക്കുന്നതിനു കേന്ദ്രം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിക്കാണു കഞ്ചിക്കോട്ട് അനുമതി നൽകിയത്. കമ്പനി ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതല്ല,മുൻപിൽ വരുന്ന പദ്ധതിരേഖയാണു സർക്കാർ പരിശോധിക്കുകയെന്നും മന്ത്രി പറഞ്ഞു.