തൃശൂരിൽ ടി.എൻ.പ്രതാപൻ ജയിച്ചേനെ: രമേശ് ചെന്നിത്തല

Mail This Article
ഗുരുവായൂർ ∙ തൃശൂർ പാർലമെന്റ് സീറ്റിൽ ടി.എൻ.പ്രതാപൻ മത്സരിച്ചെങ്കിൽ ജയം ഉറപ്പായിരുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രതാപൻ കഠിനാധ്വാനിയായ കോൺഗ്രസുകാരനാണ്. ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലങ്ങൾ പിടിച്ചെടുത്ത ചരിത്രമുള്ള പ്രതാപന് ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട്. ഗുരുവായൂരിൽ ടി.എൻ.പ്രതാപന് വി.ബാലറാം പുരസ്കാരം സമ്മാനിക്കുകയായിരുന്നു ചെന്നിത്തല. പോസ്റ്റർ അച്ചടിച്ച്, ചുമരെഴുത്തു തുടങ്ങിയതിനു ശേഷമാണ്, തൃശൂർ പാർലമെന്റ് സീറ്റ് ഒഴിഞ്ഞു കൊടുക്കാമോ എന്ന് കോൺഗ്രസ് നേതൃത്വം ചോദിച്ചതെന്നും 47 സെക്കൻഡിനുള്ളിൽ കെ.മുരളീധരനു വേണ്ടി താൻ പിന്മാറിയെന്നും ടി.എൻ.പ്രതാപൻ പറഞ്ഞു.
ദരിദ്ര കുടുംബത്തിൽ ജനിച്ച തന്നെ പഞ്ചായത്ത് അംഗം മുതൽ പാർലമെന്റ് അംഗം വരെയാക്കിയത് കോൺഗ്രസാണ്. ആ കോൺഗ്രസ് പറഞ്ഞാൽ കടലിൽ ചാടണമെങ്കിൽ താൻ കടലിൽ ചാടും. എംപി എന്ന രണ്ടക്ഷരം ഒരുപാടു സൗകര്യങ്ങൾ തരുന്ന ഒന്നാണ്. അതു വിട്ടുകൊടുക്കാൻ സാധാരണ ആരും തയാറാവില്ല. പാർട്ടിയാണ് വലുത് എന്നതുകൊണ്ടാണ് അതു ചെയ്തത്. കെ.മുരളീധരൻ വന്നിറങ്ങിയപ്പോഴുള്ള തന്റെ സ്നേഹപ്രകടനം വരെ ചിലർ ദുർവ്യാഖ്യാനം ചെയ്തു. മനസ്സു നൊന്ത് സജീവ രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണെങ്കിലും സാധാരണ പ്രവർത്തകരുടെ സ്നേഹം രാഷ്ട്രീയത്തിൽ ശക്തമായി തുടരാനുള്ള പ്രചോദനമാണെന്നു പ്രതാപൻ പറഞ്ഞു.