കുസാറ്റിൽ 4 പേർ മരിച്ച അപകടം മുൻ പ്രിൻസിപ്പലിനും 2 അധ്യാപകർക്കും എതിരെ കുറ്റപത്രം

Mail This Article
കൊച്ചി∙ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു 3 വിദ്യാർഥികൾ ഉൾപ്പെടെ 4 പേർ മരിച്ച സംഭവത്തിൽ മുൻ പ്രിൻസിപ്പലും അധ്യാപകരും ഉൾപ്പെടെ മൂന്നു പേർക്കെതിരെ കുറ്റപത്രം. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണു പ്രതികൾ. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയത്.
അപകടം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണു തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കളമശേരി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവം അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച സിൻഡിക്കറ്റ് ഉപസമിതിയും പ്രിൻസിപ്പലിന്റെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
സംഘാടക സമിതിയുടെ ഭാഗമായിരുന്ന പ്രിൻസിപ്പലും അധ്യാപകരും പരിപാടി ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും വേണ്ടത്ര ജാഗ്രത കാട്ടിയില്ല എന്നാണു പൊലീസിന്റെ കണ്ടെത്തൽ. കുസാറ്റുമായി ബന്ധപ്പെട്ടുള്ള മിക്ക പരിപാടികളും പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ തന്നെയാണ് നടക്കുന്നതെന്നതിനാൽ ഓഡിറ്റോറിയത്തിന്റെ അപകടാവസ്ഥ ഉൾപ്പെടെ അറിയാമായിരുന്നു. മനഃപൂർവമല്ലെങ്കിലും അശ്രദ്ധമായി പരിപാടി നടത്തിയത് അപകടത്തിനു വഴിയൊരുക്കി എന്നാണു കുറ്റപത്രം. കോളജിലെ 4 വിദ്യാർഥികളും സംഘാടക സമിതിയിൽ ഉണ്ടായിരുന്നു.
എന്നാൽ, വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന പരിപാടി സംഘടിപ്പിച്ചതിൽ ഇവർക്കുള്ള പരിചയക്കുറവും വിദ്യാർഥികളാണെന്നതും പരിഗണിച്ചു കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. 2023 നവംബർ 25നാണു ടെക്നിക്കൽ ഫെസ്റ്റ് ‘ധിഷ്ണ’യുടെ ഭാഗമായുള്ള സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുൻപ് ഓഡിറ്റോറിയത്തിലെ തിക്കിലും തിരക്കിലും പെട്ടു 4 യുവാക്കൾ മരിക്കുകയും 64 പേർക്കു പരുക്കേൽക്കുകയും ചെയ്തത്. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20), ഇലക്ട്രിഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫ് (23) എന്നിവരാണ് അന്ന് അപകടത്തിൽ മരിച്ചത്.