ADVERTISEMENT

പാലക്കാട് ∙ എക്സൈസ് വകുപ്പിനു കീഴിലുള്ള മലബാർ ഡിസ്റ്റിലറിയിൽ ജവാൻ ബ്രാണ്ടി ഉൽപാദിപ്പിക്കാനുള്ള പദ്ധതി വെള്ളമില്ലാതെ മുടങ്ങിയെങ്കിലും അധികം ദൂരെയല്ലാതെ വാളയാറിനടുത്ത് എലപ്പുള്ളിയിൽ സ്വകാര്യ ബ്രൂവറിക്കു വെള്ളം തടസ്സമല്ലെന്നു സർക്കാർ പറയുന്നു. സർക്കാരിനു സാമ്പത്തികനേട്ടമുണ്ടാക്കാവുന്ന മലബാർ ഡിസ്റ്റിലറിക്കു വെള്ളം നൽകാൻ 4 വർഷമായിട്ടും ജല അതോറിറ്റിക്കു സാധിച്ചിട്ടില്ല. അതേസമയം, വെള്ളം നൽകാൻ ജല അതോറിറ്റി സമ്മതിച്ചിട്ടുണ്ടെന്നു സ്വകാര്യ ബ്രൂവറിക്ക് അനുമതി നൽകുന്ന സർക്കാർ ഉത്തരവിൽ പറയുന്നു.

പ്രതിദിനം 2 ലക്ഷം ലീറ്റർ വെള്ളമാണു ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ ആവശ്യമുള്ളത്. ഇതിനായി 1.87 കോടി രൂപയുടെ പദ്ധതി തയാറാക്കുകയും ജല അതോറിറ്റിയിൽ ബവ്റിജസ് കോർപറേഷൻ തുക കെട്ടിവയ്ക്കുകയും പൈപ്പുകൾ ഇറക്കുകയും ചെയ്തു. ചിറ്റൂർപുഴയിലെ കുന്നങ്കാട്ടുപതി പദ്ധതിയിൽനിന്നുള്ള വെള്ളം പൈപ്‌ലൈനിലൂടെ മേനോൻപാറയിലെ പ്ലാന്റിൽ എത്തിക്കാനായിരുന്നു നീക്കം. ഇതു വടകരപ്പതി, എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതികൾ എതിർത്തു. കടുത്ത വരൾച്ചയുള്ള മേഖലയിൽനിന്ന് ഇത്രയും വെള്ളം എടുക്കുന്നതിനെ നാട്ടുകാരും എതിർത്തു. ടാങ്കറിൽ വെള്ളം എത്തിക്കാൻ തീരുമാനിച്ചെങ്കിലും സർക്കാർ നടപടികൾ വൈകി. വെള്ളം നൽകാനാകാത്തതിനാൽ തുക തിരിച്ചടയ്ക്കാൻ ഒരുങ്ങുകയാണു ജല അതോറിറ്റി. അതേസമയം, എലപ്പുള്ളിയിലെ സ്വകാര്യ ബ്രൂവറിയുടെ കാര്യത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായില്ല. ജല അതോറിറ്റിയുടെ വെള്ളത്തിനു പുറമേ മഴവെള്ളം സംഭരിച്ചും കമ്പനി ജലം കണ്ടെത്തുമെന്നാണു സർക്കാർ ഉത്തരവിലുള്ളത്.

എലപ്പുള്ളിയിൽ മുൻപും ബ്രൂവറിക്ക് ശ്രമം; അന്നത്തെ പ്രതിപക്ഷനേതാവിന്റെ നിയമപ്പോരാട്ടം തുടരുന്നു

 ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018 ൽ എലപ്പുള്ളിയിൽ ബ്രൂവറി അനുവദിക്കാൻ നീക്കമുണ്ടായി. അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിയമപോരാട്ടവും ജനങ്ങളുടെ എതിർപ്പുമാണ് അതു പിൻവലിക്കാൻ കാരണമായത്. പാലക്കാട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ ബ്രൂവറികൾ അനുവദിക്കാനായിരുന്നു സർക്കാർ തീരുമാനം. എലപ്പുള്ളി കൗശിപ്പാറയിൽ ബ്രൂവറിക്കു ലൈസൻസ് അനുവദിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ചു ചെന്നിത്തല രംഗത്തെത്തി. എക്സൈസ് വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പേ‍ാർട്ടില്ലാതെ അതിവേഗമായിരുന്നു നടപടി. ലൈസൻസ് അനുവദിച്ച് അറിയിപ്പു ലഭിച്ചപ്പേ‍ാഴാണു ജില്ലയിലെ എക്സൈസ് അധികൃതർ വിവരമറിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ, അന്നത്തെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, പാലക്കാട്, കണ്ണൂർ, എറണാകുളം ജില്ലകളിലെ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർമാർ എന്നിവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം. കേസ് തുടരുകയാണ്.

English Summary:

Jawan Brandy Production Stalled: Jawan brandy production is stalled due to a water shortage affecting the Malabar Distillery. This contrasts sharply with a private brewery facing no such impediments, raising questions about government policies and water allocation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com