18 സെന്റ് അര സെന്റായ സംഭവം; പിഴവ് തിരുത്തി റവന്യു വകുപ്പ്

Mail This Article
തിരുവനന്തപുരം ∙ അരനൂറ്റാണ്ടിലേറെ ഭൂനികുതി അടച്ചുവന്ന 18 സെന്റ് ഭൂമി, ഓൺലൈനായി കരമടച്ചപ്പോൾ ഒറ്റയടിക്ക് നികുതി രേഖകളിൽ അര സെന്റായി കുറഞ്ഞ പിഴവ് റവന്യു വകുപ്പ് തിരുത്തി. കാട്ടാക്കട താലൂക്കിലെ വിളവൂർക്കൽ വില്ലേജിൽ മേലേകടയറ പുത്തൻവീട്ടിൽ പരേതയായ എം.സുഭദ്രാമ്മയുടെ പേരിലുള്ള ഭൂമിയുടെ തണ്ടപ്പേരിലും നികുതി രേഖകളിലും ഉണ്ടായ പിഴവാണു തിരുത്തിയത്. പിഴവ് സംബന്ധിച്ച് ‘മനോരമ’ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
സുഭദ്രാമ്മയ്ക്ക് 53 വർഷം മുൻപു ലഭിച്ച ഭൂമിയിൽ നിന്ന് പതിനേഴര സെന്റ് ഓൺലൈൻ രേഖകളിൽ മറ്റു ചിലരുടെ പേരിലേക്കു മാറ്റുകയും അര സെന്റ് മാത്രം ഇവരുടെ പേരിൽ നിലനിർത്തുകയുമായിരുന്നു. റവന്യു വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വിളവൂർക്കൽ വില്ലേജിലെ രേഖകൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി ഡേറ്റ എൻട്രിയിൽ വന്ന പിഴവാണ് ഇതിനു കാരണമെന്നു കണ്ടെത്തി.
തുടർന്നു തണ്ടപ്പേർ റജിസ്റ്ററും അടിസ്ഥാന നികുതി റജിസ്റ്ററും മാനുവലായി പരിശോധിച്ചു പിഴവ് തിരുത്തി. റവന്യു മന്ത്രി കെ.രാജന്റെ ഓഫിസിൽ നിന്നു താലൂക്ക് അധികൃതരോട് വിവരങ്ങൾ ആരാഞ്ഞിരുന്നു.
പിഴവ് പല വില്ലേജുകളിലും
റവന്യു വകുപ്പിൽ ഭൂനികുതി അടയ്ക്കാൻ ഓൺലൈൻ സംവിധാനം നിലവിൽവന്നു വർഷങ്ങൾ കഴിഞ്ഞിട്ടും പല വില്ലേജുകളിലെയും രേഖകളിൽ പിഴവുകളെന്നു പരാതി. വർഷങ്ങൾക്കു ശേഷം ഓൺലൈനായി നികുതി അടയ്ക്കുമ്പോഴാണു പലപ്പോഴും ഇതു ശ്രദ്ധയിൽപെടുന്നത്. ഇതു ശ്രദ്ധിക്കാതെ പോയാൽ പിന്നീട് ഭൂമി കൈമാറ്റം നടത്തുമ്പോഴാണ് ഉടമ വെട്ടിലാവുക.