ഒയാസിസ് കമ്പനിക്കു സർക്കാർ പ്രാരംഭാനുമതി: രാഷ്ട്രീയവിവാദം മുന്നിൽക്കണ്ട് തീരുമാനം നീട്ടി

Mail This Article
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാന്റും ഡിസ്റ്റിലറിയും ബ്രൂവറിയും ആരംഭിക്കാൻ ഒയാസിസ് കമേഴ്സ്യൽ എന്ന കമ്പനിക്കു സർക്കാർ പ്രാരംഭാനുമതി നൽകിയത് ഒരു വർഷത്തോളം കാത്തിരുന്നശേഷം. കമ്പനിക്ക് അനുകൂലമായി എക്സൈസ് കമ്മിഷണർ സർക്കാരിനു റിപ്പോർട്ട് നൽകിയത് 2024 ഫെബ്രുവരി 6ന് ആണ്. കമ്പനിക്ക് അനുമതി നൽകി 2 ദിവസം മുൻപു നികുതി വകുപ്പു പുറത്തിറക്കിയ ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്.
എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും വന്നു. അനുമതി നൽകിയാൽ രാഷ്ട്രീയവിവാദം ഉണ്ടാകുമെന്നു മുൻകൂട്ടിക്കണ്ട് സർക്കാർ കാത്തിരിക്കുകയായിരുന്നു. അനുമതി നൽകിയതു സമയമെടുത്തു പരിശോധിച്ച ശേഷമാണെന്നു വാദിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഇന്നലെയും ആവർത്തിച്ചു.
8 ലക്ഷം ലീറ്റർ ബ്ലെൻഡിങ് ക്ഷമതയുള്ള മദ്യബോട്‌ലിങ് യൂണിറ്റാണ് കമ്പനി ആദ്യം സ്ഥാപിക്കുകയെന്നു സർക്കാർ ഉത്തരവിലുണ്ട്. എഥനോൾ യൂണിറ്റ് സ്ഥാപിക്കുന്ന രണ്ടാംഘട്ടത്തിൽ വൈദ്യുതോൽപാദനവും ലക്ഷ്യമിടുന്നു. നാലാംഘട്ടത്തിൽ സ്ഥാപിക്കുന്ന ബ്രൂവറിയിൽ വർഷം 10 കോടി ലീറ്റർ ബീയർ ഉൽപാദിപ്പിക്കും. എഥനോളിനു വേണ്ടി കേന്ദ്രസർക്കാരിനു കീഴിലെ എണ്ണക്കമ്പനികൾ കേരളത്തിലേക്കു വിളിച്ച ടെൻഡറിൽ ഒയാസിസ് കമേഴ്സ്യൽ മാത്രമാണു ചുരുക്കപ്പട്ടികയിലുള്ളത്. കമ്പനി പ്ലാന്റ് സ്ഥാപിച്ചാൽ തൊഴിലവസരവും സർക്കാരിനു സാമ്പത്തികനേട്ടവുമുണ്ടാകുമെന്നാണ് എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടെന്നും ഉത്തരവിലുണ്ട്.