റഷ്യൻ കൂലിപ്പട്ടാളം: ജോലി ഉടമ്പടി വ്യാജമായി ചമച്ചതെന്ന് സൂചന

Mail This Article
തൃശൂർ ∙ യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ അടക്കം റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികൾ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടതാണെന്നു വരുത്താൻ പ്രതികൾ വ്യാജരേഖ ചമച്ചെന്നു സൂചന. റഷ്യയിലേക്കു പോകുന്നതിനു മുൻപു പ്രതികൾ ഇരകളിൽനിന്ന് ഉടമ്പടിപത്രം എഴുതിവാങ്ങിയിരുന്നെങ്കിലും സന്ദീപിന്റെ മരണശേഷം ഇതിൽ കൂടുതൽ വ്യവസ്ഥകൾ എഴുതിച്ചേർത്തെന്നാണു ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിനിൽ അടക്കമുള്ളവരുടെ പേരിലും വ്യാജ വ്യവസ്ഥ എഴുതിച്ചേർത്തതായി സംശയമുണ്ട്. റഷ്യയിൽ ബിസിനസോ ജോലിയോ ലഭിക്കാൻ ഗ്രീൻ കാർഡിനു വേണ്ടി അപേക്ഷിക്കുന്നുവെന്നാണ് ആദ്യ ഉടമ്പടിയിൽ ഉണ്ടായിരുന്നത്. റഷ്യൻ സേനയോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നുള്ള വ്യവസ്ഥ പ്രതികൾ വ്യാജമായി കൂട്ടിച്ചേർത്തതാണെന്ന് ഇരകളുടെ ബന്ധുക്കൾ സംശയിക്കുന്നു.
പൊലീസ് അറസ്റ്റ് ചെയ്ത സിബി ഔസേപ്പ്, സുമേഷ് ആന്റണി, സന്ദീപ് തോമസ് എന്നീ പ്രതികൾ റിക്രൂട്മെന്റ് നിയമാനുസൃതമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. റഷ്യയിലേക്കു തങ്ങൾ കൊണ്ടുപോയവരെല്ലാം കരാറിൽ ഒപ്പുവച്ചിരുന്നെന്നും കൂലിപ്പട്ടാളത്തിൽ ജോലിക്കാണു കൊണ്ടുപോകുന്നതെന്ന് അവർക്കറിയാമായിരുന്നു എന്നുമാണു പ്രതികളുടെ നിലപാട്. എന്നാൽ ഇലക്ട്രിക്കൽ, പ്ലമിങ് ജോലികൾക്കു കൊണ്ടുപോകുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ഇരകളെ റിക്രൂട്ട് ചെയ്തതെന്നു ബന്ധുക്കൾ പറയുന്നു. പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും വടക്കാഞ്ചേരി പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റഷ്യൻ സേനയുടെ കൂലിപ്പട്ടാളത്തിലും വാഗ്നർ ഗ്രൂപ്പിലും (സ്വകാര്യ സൈന്യം) കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തുള്ള വിദേശ സൈനികരിലേറെയും ദരിദ്ര രാജ്യങ്ങളിൽ നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെയാണു ക്യാംപുകളിൽ കൂടുതലും കണ്ടുമുട്ടിയതെന്നു റഷ്യയിൽ നിന്നു മടങ്ങിയെത്തിയ മലയാളികൾ പറയുന്നു. സിയറ ലിയോൺ, സൊമാലിയ, ഘാന, സിറിയ, നേപ്പാൾ, ക്യൂബ തുടങ്ങിയ രാജ്യക്കാരാണ് ഇതിലേറെയും.