വിനോദയാത്രയ്ക്ക് മുൻപ് അഭ്യാസം, ആഘോഷം: 17 പേർക്കെതിരെ കേസ്

Mail This Article
ശാസ്താംകോട്ട ∙ വിനോദയാത്ര പുറപ്പെടുന്നതിനു മുന്നോടിയായി വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ 17 യുവാക്കൾക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. 15നു വൈകിട്ട് 5നു ചക്കുവള്ളി ജംക്‌ഷനിലാണ് സംഭവം. ഒരു കൂട്ടം യുവാക്കൾ ചേർന്നു മൂന്നാറിലേക്ക് നടത്തിയ യാത്രയാണ് വിവാദമായത്. യാത്ര തുടങ്ങുന്നതിനു മുൻപായി ബൈക്കിലും കാറിലും ജംക്‌ഷനിൽ നടത്തിയ അഭ്യാസ പ്രകടനത്തെ തുടർന്നു കൊല്ലം– തേനി ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പൊലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ ഇടപെടലിനെ തുടർന്നു ബസ് പുറത്തിറക്കി വിനോദ യാത്ര നടത്തി. പുലർച്ചെ 2നു ശൂരനാട് പൊലീസ് സ്റ്റേഷനിൽ നിന്നു ബസ് പുറത്തിറക്കിയ ശേഷവും അഭ്യാസ പ്രകടനം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായതോടെ വിനോദയാത്ര പോയി തിരികെ വന്ന ശേഷം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. യാത്ര നടത്തിയ 17 യുവാക്കൾക്കെതിരെ കേസെടുത്തു. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ബാക്കിയുള്ള പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡ്രൈവറുടെ ലൈസൻസും വണ്ടിയുടെ പെർമിറ്റും റദ്ദാക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.