ഡിവൈഎഫ്ഐ പ്രവർത്തകൻ സലീമിന്റെ വധത്തിനു പിന്നിൽ സിപിഎമ്മെന്ന് പിതാവ്

Mail This Article
തലശ്ശേരി∙ പുന്നോൽ ഉസ്സൻമെട്ടയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ യു.കെ.സലീം കൊല്ലപ്പെട്ട കേസിൽ പുതിയ വിവാദം. സലീമിന്റെ വധത്തിനു പിന്നിൽ സിപിഎമ്മുകാരാണെന്നു പിതാവ് കെ.പി.യൂസഫ് അഡീഷനൽ സെഷൻസ് കോടതിയിലെ വിസ്താരത്തിനിടെ പറഞ്ഞു. എന്നാൽ യൂസഫ് പ്രതിഭാഗവുമായി ചേർന്നു ഗൂഢാലോചന നടത്തുകയാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.
2008 ജൂലൈ 23ന് രാത്രി 8.30ന് ഉസ്സൻമെട്ടയിലാണ് സലീം കുത്തേറ്റു മരിച്ചത്. ഡിവൈഎഫ്ഐയുടെ പോസ്റ്ററിനു മുകളിൽ എൻഡിഎഫ് പോസ്റ്റർ പതിച്ചതിലെ തർക്കം കൊലപാതകത്തിലെത്തിയെന്നാണു കേസ്. എൻഡിഎഫ് പ്രവർത്തകരായ സി.കെ.ലത്തീഫ് (48), കെ.വി.ലത്തീഫ് (43), ഇ.പി.അബ്ദുല്ല (43), സക്കീർ ഹുസൈൻ (38), പി.നാസർ (55), പി.പി.മുഹമ്മദ് ഇഷാം(48), ഷാബിൽ (33) എന്നിവരാണ് പ്രതികൾ.
യൂസഫിന്റെ മൊഴി –‘ കൊലപാതകത്തിനു പിന്നിൽ മാർക്സിസ്റ്റുകാരാണെന്നാണു ഞാൻ മനസ്സിലാക്കിയത്. സലീം മരിക്കുന്നതിന് മുൻപ് അടുത്ത കൂട്ടുകാരൻ റയീസ് ട്രെയിൻ തട്ടി മരിച്ചിരുന്നു. യഥാർഥത്തിൽ അത് അപകടമരണമല്ല. ഫസലിന്റെ മരണത്തെപ്പറ്റിയുള്ള വിവരങ്ങൾ റയീസിന് അറിയാമായിരുന്നതിനാൽ അയാളെ കൊന്നതാണ്.
സലീമിനും ഫസലിന്റെ മരണത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയാമായിരുന്നു. സലീമും ഭയത്തിലായിരുന്നു. അവൻ പുറത്തിറങ്ങില്ലായിരുന്നു’.
യൂസഫ് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. കൊലപാതകം നടന്നതിന്റെ അടുത്തദിവസം പൊലീസ് യൂസഫിന്റെ മൊഴിയെടുത്തിരുന്നു. അപ്പോൾ ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നില്ല.
2008 നവംബറിൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കുടുംബസഹായ ഫണ്ട് യൂസഫിനെ ഏൽപിച്ചിരുന്നു. അന്നും സിപിഎമ്മുകാരാണ് കൊലയാളികളെന്നു യൂസഫ് പറഞ്ഞില്ല– ജയരാജൻ പറഞ്ഞു.