വിദേശ വനിതയെ ബലാൽസംഗം ചെയ്തെന്ന് പരാതി; ഫോർട്ട്കൊച്ചി സ്വദേശിയായ യുവാവ് അറസ്റ്റിൽ

Mail This Article
കൊച്ചി∙ ബിസിനസ് ആവശ്യത്തിനായി ഇന്ത്യയിലെത്തിയ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. യുഎസ് കലിഫോർണിയ സ്വദേശിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഫോർട്ട്കൊച്ചി പട്ടാളം സ്വദേശി അൽത്താഫ് അഹമ്മദിനെയാണു(29) ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോർട്ട്കൊച്ചിയിൽ ഹോംസ്റ്റേയും ബൈക്ക് വാടകയ്ക്കു നൽകുന്ന സ്ഥാപനവും നടത്തുന്ന അൽത്താഫിനെ ബൈക്ക് വാടകയ്ക്ക് എടുക്കാൻ എത്തിയപ്പോഴാണു യുവതി പരിചയപ്പെട്ടത്. ഇതിനു ശേഷം ആലപ്പുഴയിൽ പോയപ്പോൾ അൽത്താഫ് പിന്തുടർന്നെത്തി വിവാഹ അഭ്യർഥന നടത്തിയെന്നും ശല്ല്യപ്പെടുത്തി എന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
തുടർന്നു യുവതിയുടെ 2 ക്രിസ്റ്റൽ ബ്രേസ്‌ലെറ്റും പണവും തട്ടിയെടുത്ത് ഇയാൾ മടങ്ങിയതായി പരാതിയിലുണ്ട്. ബ്രേസ്‌ലെറ്റും പണവും തിരിച്ച് വാങ്ങുന്നതിന് നവംബർ ഒന്നിന് പുലർച്ചെ കൊച്ചിയിൽ എത്തിയപ്പോൾ അൽത്താഫുമായി തർക്കം ഉണ്ടായി. തുടർന്നു തന്നെ മുറിയിലേക്കു തള്ളിയിട്ടു ബലമായി പീഡിപ്പിച്ചു എന്നുമാണു യുവതി പറയുന്നത്.