ADVERTISEMENT

തിരുവനന്തപുരം∙ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കായി ഒരുദിവസംപോലും വിശ്രമമില്ലാതെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും യോജിപ്പിന്റെ അന്തരീക്ഷം തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാർട്ടിയിൽ ചോദിക്കാനും പറയാനും ആളുണ്ടെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനതലത്തിലെ പുനഃസംഘടന അനാവശ്യ ചർച്ചയാക്കരുതെന്നും വേണ്ട നടപടികൾ നേതൃത്വം തീരുമാനിക്കുമെന്നും വ്യക്തമാക്കി.

നേതാക്കൾ തമ്മിൽ ഐക്യമില്ലെങ്കിൽ താൻ ചുമതല വഹിക്കുന്നതിൽ അർഥമില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി തുറന്നടിച്ചു.

നിലവിൽ കോൺഗ്രസ് വിജയിച്ച 21 സീറ്റിനു പുറമേ 63 സീറ്റിൽ കൂടി ശ്രദ്ധചെലുത്തി മുന്നോട്ടുപോകണമെന്നു നേതാക്കളിലൊരാൾ പറഞ്ഞതു നേരിയ തർക്കത്തിനിടയാക്കി. 63 എന്ന കണക്ക് എവിടെ ചർച്ച ചെയ്താണു തീരുമാനിച്ചതെന്ന ചോദ്യമുയർന്നു. 

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഏകദിന ശിൽപശാല ഉടൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയകാര്യസമിതി എല്ലാ മാസവും നിർബന്ധമായി ചേരണമെന്ന് ദേശീയ നേതൃത്വം നിർദേശിച്ചു. ജില്ലകളുടെ ചുമതലയുള്ള നേതാക്കൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും നിർദേശിച്ചു.  

പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയെച്ചൊല്ലിയുള്ള ചർച്ചകൾ ദോഷംചെയ്യുമെന്നു നേതാക്കൾ ഒരേസ്വരത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് എതിരാളികളുടെയും ചില മാധ്യമങ്ങളുടെയും അജൻഡയാണ്. അതിൽ വീഴരുത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയത്തിൽ കഴിവും പ്രതിഛായയും മുഖ്യ മാനദണ്ഡമാക്കണമെന്നും ആവശ്യമുയർന്നു. 

ജനം സർക്കാരിന് എതിരാണെന്നും വരുന്ന തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ദലിത്, ആദിവാസി വിഭാഗങ്ങൾക്ക് പാർട്ടി പദവികളിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. നേതാക്കൾ പരസ്പരം പോരടിച്ചാൽ പ്രവർത്തകരാണു വേദനിക്കുന്നതെന്നു പി.ജെ.കുര്യൻ പറഞ്ഞു. 

എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, വി.കെ.അറിവഴകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. സ്ഥലത്തില്ലാത്തതിനാൽ ചെന്നിത്തലയും ശശി തരൂരും ഓൺലൈനായാണു പങ്കെടുത്തത്.

∙കഴിഞ്ഞദിവസം കേരളത്തിൽ ഒരു കടയിൽ കയറിയപ്പോൾ യുഡിഎഫ് അധികാരത്തിൽ വരുമോയെന്നും നേതാക്കൾ തമ്മിൽ തർക്കമാണോയെന്നും അവിടെയുള്ളവർ ചോദിച്ചു. പാർട്ടിക്കുള്ളിലെ ഐക്യം സംബന്ധിച്ച് സാധാരണക്കാർക്കിടയിൽ പോലും ആശങ്കയുണ്ട്. ഐക്യമില്ലെങ്കിൽ ഞാൻ ഒഴിയാം.-ദീപ ദാസ്മുൻഷി, എഐസിസി ജനറൽ സെക്രട്ടറി

English Summary:

KPCC political affairs committee: High Command takes a firm stance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com