ബ്രൂവറി വിവാദം സഭയിലേക്ക്; ആയുധമാക്കാൻ പ്രതിപക്ഷം

Mail This Article
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് നിയമസഭയിൽ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. സഭയ്ക്കകത്തും പുറത്തും വിഷയം ചർച്ചയാക്കാനാണു തീരുമാനം. സ്വകാര്യ കമ്പനിക്കു ബ്രൂവറി അനുവദിച്ചതിൽ വ്യാപക ക്രമക്കേടുണ്ടെന്നാരോപിച്ച്, ചോദ്യങ്ങളുമായി സർക്കാരിനെ കടന്നാക്രമിക്കുകയാണു ലക്ഷ്യം. ഡൽഹിയിലെ ഒയാസിസ് കമ്പനി മാത്രമേ ബ്രൂവറിക്ക് അപേക്ഷ നൽകിയിരുന്നുള്ളു എന്ന മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണവും പ്രതിപക്ഷം സർക്കാരിനെതിരെ തിരിക്കും.
ആരുമറിയാതെ മദ്യനയം മാറ്റിയതും ഫയൽ നീക്കിയതും അഴിമതി ലക്ഷ്യമിട്ടായിരുന്നുവെന്നാണു പ്രതിപക്ഷത്തിന്റെ വാദം. സംസ്ഥാന സർക്കാരുണ്ടാക്കുന്ന ജവാൻ മദ്യത്തിനു മലബാർ ഡിസ്റ്റിലറിക്ക് 4 വർഷമായിട്ടും വെള്ളം നൽകാത്ത ജലഅതോറിറ്റി, പുതിയ ഡിസ്റ്റിലറിക്ക് വെള്ളം നൽകുന്നതെങ്ങനെയെന്ന ചോദ്യവും ഉന്നയിക്കും. ഡിസ്റ്റിലറിക്കായി ഒരു കമ്പനിയിൽനിന്നു മാത്രം സർക്കാർ അപേക്ഷ വാങ്ങിയതു ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ദുരൂഹമായ കമ്പനിയുമായി വർഷങ്ങൾക്കുമുൻപ് തുടങ്ങിയ ഡീൽ ആണ് ഇപ്പോൾ നടപ്പാക്കുന്നത്. പ്രതിപക്ഷത്തിന്റെ ഒരു ചോദ്യത്തിനും എക്‌സൈസ് മന്ത്രി ഉത്തരം നൽകിയിട്ടില്ല. ഇതു പോലൊരു കമ്പനി വേറെയില്ലെന്നു പറഞ്ഞ് ആ കമ്പനിയുടെ പ്രൊപ്പഗൻഡ മാനേജരെ പോലെയാണ് മന്ത്രി സംസാരിച്ചത്. കുപ്രസിദ്ധമായ ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായവരാണു കമ്പനിയുടെ ഉടമകൾ.
മദ്യനയം മാറ്റി മദ്യ നിർമാണത്തിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ച വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഈ കമ്പനി അല്ലാതെ മറ്റൊരു കമ്പനിയും അറിഞ്ഞിട്ടില്ല. എന്നിട്ടാണ് ഈ കമ്പനിയുടെ അപേക്ഷ മാത്രമേ കിട്ടിയിട്ടുള്ളൂവെന്ന് മന്ത്രി പറഞ്ഞത്. 3 മാസമാണു മന്ത്രി ഫയൽ കയ്യിൽവച്ചത്.
പാലക്കാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 6 ദിവസം കഴിഞ്ഞാണു ഫയൽ മുഖ്യമന്ത്രിയുടെ കയ്യിലേക്കെത്തിയത്. കോളജ് തുടങ്ങാനെന്ന പേരിൽ എലപ്പുള്ളിയിൽ പഞ്ചായത്തിനെ വരെ പറ്റിച്ച് 2 വർഷം മുൻപാണ് കമ്പനി ഭൂമി വാങ്ങിയത്. വി. എസ്.അച്യുതാനന്ദനും എം.പി.വീരേന്ദ്രകുമാറും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെത്തുടർന്നാണ് പ്ലാച്ചിമടയിലെ കൊക്ക കോള പ്ലാന്റ് അടച്ചുപൂട്ടിയത്. അവിടെയാണ് ദശലക്ഷക്കണക്കിന് ലീറ്റർ ജലം ആവശ്യമുള്ള പ്ലാന്റ് ആരംഭിക്കുന്നതെന്നും സതീശൻ വിമർശിച്ചു.
മദ്യക്കമ്പനിക്കെതിരെ ഇന്ന് എലപ്പുള്ളിയിൽ പ്രമേയം
എലപ്പുള്ളി (പാലക്കാട്) ∙ മദ്യക്കമ്പനി സ്ഥാപിക്കരുതെന്ന ആവശ്യവുമായി എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി ഇന്നു യോഗം ചേരും. ഇതു സംബന്ധിച്ചു പ്രമേയം അവതരിപ്പിക്കുമെന്ന് അധ്യക്ഷ കെ.രേവതി ബാബു അറിയിച്ചു.
പ്രമേയം സംസ്ഥാന സർക്കാരിന് അയയ്ക്കും. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നു രേവതി ബാബുവും ഉപാധ്യക്ഷൻ എസ്.സുനിൽകുമാറും അറിയിച്ചു. എലപ്പുള്ളിയിൽ യുഡിഎഫിന്റേതാണു ഭരണസമിതി.