മദ്യക്കമ്പനി വേണ്ടെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രമേയം

Mail This Article
പാലക്കാട് ∙ മദ്യക്കമ്പനി സ്ഥാപിക്കുന്നതിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രമേയം പാസാക്കി. വാഗ്വാദങ്ങൾക്കും ചർച്ചകൾക്കും ശേഷം അവതരിപ്പിച്ച പ്രമേയത്തെ കോൺഗ്രസിലെ 9 അംഗങ്ങളും ബിജെപിയിലെ 5 അംഗങ്ങളും അനുകൂലിച്ചു. സിപിഎമ്മിലെ 8 അംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതിയുടേതു രാഷ്ട്രീയ അജൻഡയാണെന്നും വികസനത്തിനെതിരെയാണെന്നും ആരോപിച്ചു. തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്നും ഇടതുസർക്കാർ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാട് എടുക്കില്ലെന്നും അവർ പറഞ്ഞു.
മുൻകൂട്ടി നോട്ടിസ് നൽകാത്തതിനാലും അടിയന്തര യോഗമായതിനാലും വോട്ടെടുപ്പിലേക്കു കടക്കാതെയാണു പ്രമേയത്തിന്റെ നടപടികൾ പൂർത്തിയാക്കിയത്. മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാർക്കും തീരുമാനത്തിന്റെ പകർപ്പ് അയച്ചു. കമ്പനിക്ക് അനുമതി നൽകിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും എലപ്പുള്ളിയിലെ ജലവും കൃഷിയും ഇല്ലാതാക്കുന്ന കമ്പനിക്ക് അനുമതി നൽകരുതെന്നും കോൺഗ്രസ് അംഗമായ അധ്യക്ഷ കെ.രേവതി ബാബുവിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. അതേസമയം, കമ്പനിക്കായി ഒരു തരത്തിലുള്ള നടപടികളും തുടങ്ങിയിട്ടില്ലെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രമേയം അടിസ്ഥാനമില്ലാത്തതാണെന്നും സിപിഎം അംഗം ആർ.രാജകുമാരി ആരോപിച്ചു.
11 മണിക്കാണു യോഗം നിശ്ചയിച്ചിരുന്നത്. ഈ സമയം കഴിഞ്ഞാണു സിപിഎം അംഗങ്ങൾ പ്രവേശിച്ചത്. ഇതിനെച്ചൊല്ലി ബിജെപി അംഗങ്ങൾ ആദ്യം തർക്കമുണ്ടാക്കി. സ്ഥലം വാങ്ങി നൽകാൻ ജനപ്രതിനിധി കൂട്ടുനിന്നുവെന്നു ബിജെപി ആരോപിച്ചപ്പോഴും തർക്കമുണ്ടായി.