വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 4 കേസ്

Mail This Article
കൂത്താട്ടുകുളം ∙ സിപിഎം കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിൽ തടഞ്ഞുവച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 4 കേസുകൾ റജിസ്റ്റർ ചെയ്തു. കല രാജുവിന്റെ മക്കൾ നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവരുൾപ്പെടെ 45 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനു നഗരസഭ പ്രതിപക്ഷ പാർട്ടി നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ പി.സി.ഭാസ്കരൻ, ബോബൻ വർഗീസ്, അനൂപ് ജേക്കബ് എംഎൽഎ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ എന്നിവർ ഉൾപ്പെടെ 40 പേർക്കെതിരെയും യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജിനെ ഒന്നാം പ്രതിയാക്കി 25 പേർക്കെതിരെയും കേസെടുത്തു.
നഗരസഭാധ്യക്ഷ വിജയ ശിവനെ മർദിക്കുകയും മാനഹാനി വരുത്തുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്ന പരാതിയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, കൗൺസിലർ ബോബൻ വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ എന്നിവർ ഉൾപ്പെടെ 50 പേരെ പ്രതികളാക്കി കേസെടുത്തു.
കൗൺസിലർ കല രാജു എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈക്കോടതി സംരക്ഷണം നൽകാൻ ആവശ്യപ്പെട്ടിട്ടും പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയിൽ അന്വേഷണത്തിനു റൂറൽ എസ്പി നിർദേശം നൽകി. അതിനിടെ, കല രാജുവിനെ യുഡി എഫ് ആണു തട്ടിക്കൊണ്ടുപോയതെന്നും 4 ദിവസമായി അവരെക്കുറിച്ചു വിവരമുണ്ടായിരുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു.
കൗൺസിലറെ തട്ടിക്കൊണ്ടു പോയ സാഹചര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് വീണ്ടും അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് അവസരം തേടുമെന്നു യുഡിഎഫ് അറിയിച്ചു. കൗൺസിലറെ തട്ടിക്കൊണ്ടു പോയതിന് എതിരെ യുഡിഎഫ് ഇന്നു 4.30നു പ്രതിഷേധ യോഗം ചേരും.
പാർട്ടി പ്രവർത്തകരുടെ അപമര്യാദ സിപിഎം നേതൃത്വത്തിന് പരാതി നൽകുമെന്ന് കല
കൂത്താട്ടുകുളം ∙ പാർട്ടി പ്രവർത്തകർ അപമര്യാദയായി പെരുമാറിയതിനെതിരെ സിപിഎം ഉന്നത നേതൃത്വത്തിനു പരാതി നൽകുമെന്നു കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കല രാജു. പ്രശ്നം വന്നപ്പോൾ യുഡിഎഫ് പ്രവർത്തകരാണു തന്നെ സഹായിച്ചതെന്നും എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലുള്ള അവർ ‘മനോരമ’യോടു പറഞ്ഞു. അഭിമുഖത്തിൽ നിന്ന്:
Q രാഷ്ട്രീയ നിലപാടു മാറിയോ?
A ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ ഒരു വനിതയെ വിവസ്ത്രയാക്കുന്ന നിലപാടാണോ സ്വീകരിക്കേണ്ടത്. വിശ്വസിച്ച പാർട്ടിയിൽനിന്ന് ആക്രമണം നേരിട്ടതിൽ വിഷമമുണ്ട്. 25 വർഷം പാർട്ടിക്കൊപ്പം അടിയുറച്ചുനിന്ന പ്രവർത്തകയാണു ഞാൻ. എൽഡിഎഫിൽ തുടരുന്ന കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കും.
Q തട്ടിക്കൊണ്ടു പോയപ്പോൾ ദേഹോപദ്രവം ഏൽക്കേണ്ടി വന്നോ?
A തലമുടിയിൽ പിടിച്ച് പൊക്കി വാഹനത്തിന്റെ മുൻസീറ്റിലേക്ക് എറിയുകയായിരുന്നു. മുടിയിൽ പിടിച്ചുവലിച്ച് ആണുങ്ങൾക്കിടയിലേക്ക് ഇട്ടുകൊടുത്തത് കൗൺസിലർ ജിഷ രഞ്ജിത്താണ്. സുമ വിശ്വംഭരൻ മുഖത്തടിച്ചു. ‘വണ്ടിയിലോട്ട് എറിയെടാ’ എന്ന് നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പറയുന്നതു കേട്ടിരുന്നു. ‘കൊല്ലും ഞാനവളെ’ എന്ന് അശ്ലീലപദം കൂടി ചേർത്തു ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് ആക്രോശിച്ചു. വാഹനത്തിൽ കയറ്റിയശേഷം ഒരു യുവാവുകൂടി മുൻസീറ്റിൽ കയറി. എവിടേക്കാണ് പോകുന്നതെന്നു മനസ്സിലായില്ല. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ അരുൺ അശോകനാണു വാഹനമോടിച്ചത്. വാഹനത്തിൽ കയറ്റിയപ്പോൾ സാരി അഴിയുകയും പാവാടയുടെ വള്ളിപൊട്ടുകയും ചെയ്തു.
കാൽ ഡോറിനിടയിൽ പോയ വിവരം പറഞ്ഞപ്പോൾ അവിടെ ചെല്ലുമ്പോൾ കാലുണ്ടെങ്കിൽ വെട്ടി കയ്യിൽ തരാമെന്നായിരുന്നു പ്രതികരണം. മകന്റെ പ്രായം പോലുമില്ലാത്ത പയ്യനാണ് ഈ ക്രൂരത ചെയ്തത്. അയാളെ കണ്ടാലറിയാം. കമ്മൽ, ബാഗ്, മൊബൈൽ ഫോൺ, തിരിച്ചറിയൽ രേഖകൾ എന്നിവയുൾപ്പെടെ നഷ്ടപ്പെട്ടു.
Q തട്ടിക്കൊണ്ടുപോയത് യുഡിഎഫാണ് എന്നാണല്ലോ സിപിഎം നേതൃത്വത്തിന്റെ പ്രതികരണം?
A അതു ശരിയല്ല. ഇക്കാര്യം വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസിന് എന്നെ സംരക്ഷിക്കാമായിരുന്നു. യുഡിഎഫ് പ്രവർത്തകരും നേതാക്കളുമാണു ചെറുത്തുനിന്നത്.
Q യുഡിഎഫ് സംരക്ഷണയിലാണു കല എന്നാണു പറയുന്നത്?
A സംഭവദിവസം വൈകിട്ട് നെഞ്ചുവേദനയുമായി ഗവ. ആശുപത്രിയിൽ എത്തിയപ്പോൾ യുഡിഎഫ് പ്രവർത്തകരാണു സഹായത്തിനെത്തിയത്. യുഡിഎഫിന്റെ സഹായത്തോടെയാണു വിദഗ്ധ ചികിത്സ തേടിയത്. ചെലവു നോക്കിയതും അവരാണ്.