എലപ്പുള്ളിയിൽ വിവാദ മദ്യക്കമ്പനി: അനുമതിയിൽ അടിമുടി ദുരൂഹത

Mail This Article
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയിൽ വിവാദ മദ്യക്കമ്പനിക്കു സർക്കാർ അനുമതി നൽകിയതിൽ അടിമുടി ദുരൂഹത. എലപ്പുള്ളി പഞ്ചായത്തിലാണു പദ്ധതി എന്നു പരാമർശിക്കാതെയാണു കമ്പനിക്ക് പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. കഞ്ചിക്കോട് ആസ്ഥാനമായി, 600 കോടി രൂപ മുതൽമുടക്കി പദ്ധതി സ്ഥാപിക്കാൻ ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകുന്നു എന്നാണ് 16ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവിലുള്ളത്.
സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്തിലാണു കഞ്ചിക്കോട് പ്രദേശം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപന ജനപ്രതിനിധികളിൽ ഉൾപ്പെടെ അവ്യക്തത നിലനിർത്താനാണു സർക്കാർ ശ്രമിച്ചതെന്നു വ്യക്തം. ഉത്തരവിൽ പിന്നീട് കഞ്ചിക്കോട് വ്യവസായ മേഖലയോടു ചേർന്നു കമ്പനിക്ക് 24 ഏക്കർ സ്ഥലമുണ്ടെന്നു വ്യക്തമാക്കുന്ന ഭാഗത്തും പഞ്ചായത്തിനെയോ വില്ലേജിനെയോ പരാമർശിക്കുന്നില്ല. പഞ്ചായത്തും വില്ലേജും പ്രദേശവും കൃത്യമായി പറയാതെ വൻകിട പദ്ധതികൾക്ക് അനുമതി നൽകുന്ന അപൂർവ ഉത്തരവ് കൂടിയാണു പുറത്തിറങ്ങിയത്.
സാധാരണ ഇത്തരം വൻകിട പദ്ധതികൾക്ക് അപേക്ഷകൾ സമർപ്പിക്കുമ്പോൾ സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങളെല്ലാം രേഖകളിൽ ഉണ്ടാകും. തുടർന്നു സർക്കാർ അനുമതി നൽകി ഇറക്കുന്ന ഉത്തരവുകളിലും ഇവ വ്യക്തമായി പരാമർശിക്കും. പദ്ധതി സംബന്ധിച്ചു പിന്നീട് എലപ്പുള്ളി പഞ്ചായത്തിലേക്കു ചില അന്വേഷണങ്ങൾ വന്നപ്പോഴാണ് ഇതേക്കുറിച്ചു പഞ്ചായത്ത് അധികൃതർ തന്നെ അറിഞ്ഞതെന്നു വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്ത് ഭരണസമിതി ഇന്നലെ യോഗം ചേർന്നു പദ്ധതിയിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടത്.
സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖ പ്രകാരം 4 ഘട്ടമായാണ് ഒയാസിസ് അവരുടെ പ്ലാന്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ആദ്യഘട്ടം ബ്ലെൻഡിങ്–ബോട്‌ലിങ് യൂണിറ്റ് ആയിരിക്കും. രണ്ടാം ഘട്ടത്തിലാണ് എഥനോൾ ഉൽപാദനം. ഇതിനൊപ്പം ഡിസ്റ്റിലറിയും ആരംഭിക്കും. മൂന്നാംഘട്ടം കാലിത്തീറ്റ ഉൽപാദന പ്ലാന്റാണ്.