മദ്യക്കമ്പനിയ്ക്ക് വെള്ളം നൽകാനുള്ള സർക്കാർ നീക്കം; വേനൽക്കാലത്ത് മലമ്പുഴ ഡാമിൽ പ്രതിസന്ധി

Mail This Article
പാലക്കാട് ∙ എലപ്പുള്ളിയിലെ മദ്യക്കമ്പനിക്കു വെള്ളം നൽകുന്നതിനു ജല അതോറിറ്റി സമ്മതിച്ചിട്ടുണ്ടെന്നു സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. മലമ്പുഴ ഡാം മാത്രമാണ് ഇവിടെ വെള്ളമെത്തിക്കാനുള്ള മാർഗം. എന്നാൽ, വേനൽ കടുക്കുമ്പോൾ കർശനമായ ക്രമീകരണം ഏർപ്പെടുത്തിയാണു മലമ്പുഴയിൽ നിന്നു കൃഷിക്കും ശുദ്ധജല പദ്ധതികൾക്കും വെള്ളം നൽകുന്നത്.
226 ദശലക്ഷം ഘനമീറ്ററാണ് (226 എംഎം ക്യൂബ്) മലമ്പുഴ ഡാമിന്റെ സംഭരണശേഷി. ഇതിൽ മാസം 3 ദശലക്ഷം ഘനമീറ്റർ ജലം നിലവിലെ ശുദ്ധജല വിതരണത്തിന് ആവശ്യമാണ്. പ്രതിദിനം 70 – 75 ദശലക്ഷം ലീറ്റർ വെള്ളമാണ് ശുദ്ധജല പമ്പിങ്ങിന് ആവശ്യമായി വരുന്നത്. വേനൽ കടുക്കുന്ന മാസങ്ങളിൽ ഭാരതപ്പുഴയിലെ ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ 10 മുതൽ 12 ദശലക്ഷം ഘനമീറ്റർ വരെ വെള്ളം കരുതിവയ്ക്കണം. ജില്ലയിൽ 18,000 – 20,000 ഹെക്ടർ സ്ഥലത്തെ രണ്ടാം വിള നെൽകൃഷി പൂർണമായും മലമ്പുഴ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നവംബർ മുതൽ മാർച്ച് വരെ കൃഷിക്കു വെള്ളം നൽകണം. പിന്നീട് ശേഷിക്കുക ശുദ്ധജല വിതരണത്തിനുള്ള ജലവും ഡാമിലെ കരുതൽ ശേഖരവുമാണ്.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ കിൻഫ്ര പാർക്കിൽ 12.5 ദശലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റാണു സ്ഥാപിക്കുന്നത്. ഇതു പാർക്കിലെ കമ്പനികൾക്കു മാത്രമുള്ള പ്ലാന്റാണ്. ഇവിടെനിന്നു മദ്യക്കമ്പനിക്കു വെള്ളം നൽകാൻ തീരുമാനിച്ചാലും അതു ലഭ്യമാക്കേണ്ടതു മലമ്പുഴയിൽ നിന്നാണ്. ഇപ്പോൾ ഐഐടിക്കും ഭാവിയിൽ വ്യവസായ ഇടനാഴിക്കും ആശ്രയം മലമ്പുഴയാണ്. പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം ചിറ്റൂർ പുഴ വഴി കേരളത്തിനു വിഹിതം കിട്ടണമെങ്കിലും അതിനു പോലും കടുത്ത സമ്മർദം വേണ്ടിവരാറുണ്ട്. വാളയാർ അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. മലമ്പുഴയുടെ സംഭരണശേഷി കൂട്ടുന്ന പദ്ധതിയും സ്തംഭിച്ചു. പാലക്കാട് നഗരസഭയിലും മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, പിരായിരി, മരുതറോഡ്, പുതുശ്ശേരി പഞ്ചായത്തുകളിലുമാണ് നിലവിൽ മലമ്പുഴയിൽ നിന്നു ശുദ്ധജലം ലഭ്യമാക്കുന്നത്. ഇതിനു പുറമേ ജലജീവൻ മിഷൻ പദ്ധതികൾ പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ പ്രദേശങ്ങളിലേക്കു വെള്ളം നൽകേണ്ടി വരും.
ഭൂഗർഭജലവിതാനവും ‘ക്രിട്ടിക്കൽ’
∙ ബ്രൂവറിക്കും മറ്റും ആവശ്യമായ ജലം ലഭ്യമാക്കുന്നതു സംബന്ധിച്ചു സർക്കാർ ഒയാസിസ് കമ്പനിക്കു നൽകിയ ഉറപ്പും നിർദേശവും വസ്തുതകൾക്കു നിരക്കാത്തതും അപ്രായോഗികവുമാണെന്ന് ആരോപണം. ജല അതോറിറ്റി വഴിയും മഴവെള്ള സംഭരണത്തിലൂടെയും ജലം ഉറപ്പുവരുത്തുമെന്നും ഭൂഗർഭജലം എടുക്കില്ലെന്നും സർക്കാർ പറയുന്നുണ്ടെങ്കിലും കടുത്ത ആശങ്കയിലാണു മേഖല. ഇതേ വ്യവസ്ഥകളിൽ കഞ്ചിക്കോട് ആരംഭിച്ച ശീതളപാനീയ കമ്പനി പിന്നീട് കുഴൽക്കിണറുകൾ നിർമിച്ച് വൻതോതിൽ ഭൂഗർഭജലം എടുത്തതു പ്രദേശത്തെ ജലവിതാനം അപകടകരമാംവിധം താഴാൻ കാരണമായിരുന്നു. അധികൃതരുടെ പരിശോധനയിൽ ജലചൂഷണവും കണ്ടെത്തി. കേന്ദ്ര ഗ്രൗണ്ട് വാട്ടർ അതോറിറ്റി ബോർഡിന്റെ (സിജിഡബ്ല്യുഎ) ഒടുവിലത്തെ റിപ്പോർട്ടനുസരിച്ച് എലപ്പുള്ളി ഉൾപ്പെടുന്ന മേഖല, ഭൂഗർഭജലത്തിന്റെ 98.64 ശതമാനവും ഉപയോഗിക്കുന്ന ഗുരുതര (ക്രിട്ടിക്കൽ) പ്രദേശങ്ങളുടെ പട്ടികയിലാണ്. പരമാവധി 70 ശതമാനമാണു സുരക്ഷിത ഉപയോഗം.