മൻമോഹന് ആദരമർപ്പിച്ച് നിയമസഭ

Mail This Article
തിരുവനന്തപുരം ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് കേരള നിയമസഭയുടെ ആദരം. പ്രഗത്ഭനായ ധനകാര്യ വിദഗ്ധനെയും നിശ്ചയദാർഢ്യമുള്ള രാഷ്ട്രതന്ത്രജ്ഞനെയുമാണ് മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായതെന്ന് സ്പീക്കർ എ.എൻ.ഷംസീർ അനുസ്മരിച്ചു. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിന് മൻമോഹൻ സിങ്ങിന്റെ നിലപാടുകൾ പ്രശംസനീയമാണെന്നും എന്നാൽ, അദ്ദേഹത്തിന്റെ നയങ്ങളോട് തങ്ങൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോകമാകെ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യയെ പിടിച്ചുനിർത്തിയത് മൻമോഹൻ സിങ് നടപ്പാക്കിയ പരിഷ്കാരങ്ങളാണെന്നും അതിനു ശേഷം വന്ന എല്ലാ സർക്കാരുകളും അദ്ദേഹത്തിന്റെ നയമാണു പിന്തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ഇ.ചന്ദ്രശേഖരൻ, പി.കെ.കുഞ്ഞാലിക്കുട്ടി, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, മാത്യു ടി.തോമസ്, തോമസ് കെ.തോമസ്, കെ.ബി.ഗണേഷ്കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.മോഹനൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരും മൻമോഹനെ അനുസ്മരിച്ചു.