മദ്യക്കമ്പനി അനുമതി തേടിയത് ജല അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ച്; വിവാദം

Mail This Article
പാലക്കാട് ∙ പൊതുമേഖലയിലെ എണ്ണക്കമ്പനികൾക്കു വേണ്ടി എഥനോൾ യൂണിറ്റ് സ്ഥാപിക്കാൻ വെള്ളം തേടിയാണ് എലപ്പുള്ളിയിലെ വിവാദ മദ്യക്കമ്പനി 2023ൽ ജല അതോറിറ്റിയെ സമീപിച്ചതെന്നു വിവരം. അതോറിറ്റിക്കു നൽകിയ അപേക്ഷയിൽ എഥനോൾ യൂണിറ്റ് മാത്രമാണു ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
അതേസമയം, ആദ്യഘട്ടമായി ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, രണ്ടാം ഘട്ടം എഥനോൾ ഉൽപാദനം, മൂന്നാം ഘട്ടം മാൾട്ട് സ്പിരിറ്റ് – ബ്രാൻഡി – വൈനറി പ്ലാന്റ്, നാലാം ഘട്ടം ബ്രൂവറി എന്നാണു സർക്കാർ ഉത്തരവിൽ പറയുന്നത്. ഇതിൽ എഥനോൾ യൂണിറ്റ് ഒഴികെയുള്ള വിവരങ്ങൾ ജല അതോറിറ്റിയെ അറിയിച്ചിരുന്നില്ല. ഇതു വിവാദം ഒഴിവാക്കാനും ജലലഭ്യത ഉറപ്പാക്കാനുമാണെന്നു സംശയം ഉയർന്നിട്ടുണ്ട്.
കിൻഫ്ര പാർക്കിൽ സ്ഥാപിക്കുന്ന 12.5 ദശലക്ഷം ലീറ്ററിന്റെ ശുദ്ധജല പ്ലാന്റ് വഴി മാത്രമേ മദ്യക്കമ്പനിക്കു ജലവിതരണം സാധ്യമാകൂ എന്ന നിലപാടിലാണു ജല അതോറിറ്റി. മലമ്പുഴ ഡാമിൽനിന്നു കിൻഫ്ര പാർക്കിലെ പ്ലാന്റിലേക്കുള്ള പൈപ്പ് ലൈൻ പൂർത്തിയായിട്ടില്ല. കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് അടിയിലൂടെ പൈപ്പിടാൻ സ്ഥലം കിട്ടുന്നതിനു തടസ്സമുണ്ട്.