‘യുഡിഎഫിന്റെ ഭാഗമാക്കണം’; താൽപര്യമറിയിച്ചു കത്തുനൽകി പി.വി.അൻവർ

Mail This Article
തിരുവനന്തപുരം∙ യുഡിഎഫിന്റെ ഭാഗമാകാൻ താൽപര്യമറിയിച്ച് മുന്നണി നേതൃത്വത്തിന് പി.വി.അൻവർ കത്തുനൽകി. താൻ ഭാഗമായ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്നു കത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനോട് കഴിഞ്ഞദിവസം പരസ്യമായി മാപ്പ് പറയുകയും യുഡിഎഫിനൊപ്പം നിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് അൻവർ ഒൗദ്യോഗികമായി കത്തുനൽകിയത്. യുഡിഎഫിൽ ചേരണമെങ്കിൽ അക്കാര്യം അൻവർ ആവശ്യപ്പെടണമെന്നായിരുന്നു മുന്നണി നേതൃത്വത്തിന്റെ നിലപാട്.
യുഡിഎഫ് ചെയർമാൻ കൂടിയായ സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർക്കു പുറമേ മറ്റു ഘടകകക്ഷി നേതാക്കൾക്കും അൻവർ പ്രത്യേകം കത്തുനൽകി. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യവും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സാധ്യതകളും വ്യക്തമാക്കുന്ന 10 പേജുള്ള കത്താണു നൽകിയത്. എംഎൽഎ സ്ഥാനം രാജിവയ്ക്കാനും തൃണമൂലിൽ ചേരാനുമിടയായ സാഹചര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്.
പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ ഈ മാസം 27ന് ആരംഭിക്കുന്ന മലയോര സംരക്ഷണ പ്രചാരണ ജാഥയുടെ ഭാഗമായി ചേരുന്ന യുഡിഎഫ് നേതൃയോഗം വിഷയം ചർച്ച ചെയ്യും. ജാഥയ്ക്കു പിന്തുണയറിയിച്ച് അൻവറും പങ്കെടുക്കുമെന്നാണു വിവരം. അതേസമയം, തൃണമൂൽ ദേശീയ പാർട്ടിയായതിനാൽ മുന്നണിപ്രവേശത്തിനു കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാടു നിർണായകമാണ്.