മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ടൗൺഷിപ്: ഭൂമി ഏറ്റെടുക്കലിന് നിയമോപദേശം കാത്ത് സർക്കാർ

Mail This Article
തിരുവനന്തപുരം ∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള 2 ടൗൺഷിപ്പുകൾക്കായി എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കുന്നതു നിയമപ്രശ്നങ്ങൾ വഴിവയ്ക്കുമെന്ന് ആശങ്ക ഉയർന്നതോടെ ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കാത്ത് സർക്കാർ. മന്ത്രി കെ.രാജൻ തന്നെ ഇക്കാര്യത്തിൽ നിയമവശങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തെഴുതി.
കൽപറ്റയിലെയും നെടുമ്പാലയിലെയും എസ്റ്റേറ്റുകൾ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിൽ വ്യക്തത വരുത്തിയും എന്നാൽ, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്നു നിർദേശിച്ചും ഹൈക്കോടതി ഉത്തരവ് പരിശോധിച്ച ശേഷമാണു മന്ത്രി കത്തെഴുതിയത്.
ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമിയുടെ കാര്യത്തിൽ എസ്റ്റേറ്റുകൾക്ക് ഇളവുണ്ട്. എന്നാൽ, എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുക്കുമ്പോൾ അതിലെ ഭൂമിയിൽ വരുത്തിയ പരിഷ്കരണങ്ങൾക്കു നഷ്ടപരിഹാരം നൽകാമെന്നും ഭൂമിക്കു വില നൽകേണ്ടതില്ലെന്നുമാണു ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥയെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അങ്ങനെയെങ്കിൽ വയനാട്ടിലെ പുനരധിവാസത്തിന് എസ്റ്റേറ്റുകളുടെ ഭൂമി ഏറ്റെടുത്താൽ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം എങ്ങനെ നഷ്ടപരിഹാരം നൽകുമെന്നാണു നിയമവൃത്തങ്ങൾ ഉയർത്തുന്ന ചോദ്യം. മറ്റൊന്ന് ഭൂമിയുടെ അവകാശം സംബന്ധിച്ചാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് വിദേശ കമ്പനികളുടെ കൈവശമായിരുന്ന പ്ലാന്റേഷൻ ഭൂമിയിൽ പിന്നീട് സർക്കാരിനാണ് അവകാശമെന്നതു സംബന്ധിച്ച് വിവിധ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ടു സിവിൽ കോടതിയിൽ കേസുകളുണ്ട്. ഇത്തരം കേസുകളിൽപെട്ട ഭൂമി ഏറ്റെടുക്കുന്നതിനു നഷ്ടപരിഹാരം നൽകേണ്ടത് ഉടമസ്ഥത സംബന്ധിച്ച കേസ് തീർപ്പാകുന്നത് അനുസരിച്ചാണ്.
അതിനാൽ കേസ് തീർപ്പാകും വരെ നഷ്ടപരിഹാരത്തുക കോടതികളിൽ കെട്ടിവയ്ക്കാമെന്നതാണു സർക്കാർ നിലപാട്. അതേസമയം, വയനാട്ടിലെ ടൗൺഷിപ്പിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഈ നിലപാട് കോടതി അംഗീകരിച്ചില്ല.
വയനാട്ടിൽ പുനരധിവാസത്തിനായി കണ്ടെത്തിയ എസ്റ്റേറ്റുകൾക്കു നഷ്ടപരിഹാരം നൽകണമെന്നും ഉടമസ്ഥത സംബന്ധിച്ച് പിന്നീടു മാറ്റം ഉണ്ടായാൽ പണം തിരികെ നൽകാൻ അവരുമായി സർക്കാർ കരാർ ഉണ്ടാക്കണമെന്നും ആണ് ഹൈക്കോടതി നിർദേശം. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പരിശോധന നടത്തി അവകാശികളെ നിശ്ചയിക്കാതെ എങ്ങനെ നഷ്ടപരിഹാരം നൽകുമെന്ന വിഷയവും ഉന്നയിക്കപ്പെടുന്നുണ്ട്.