കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് 26 സർക്കാർ ആശുപത്രികളിൽ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിലെ രോഗികൾക്കു കാലാവധി കഴിഞ്ഞ മരുന്നു നൽകിയിട്ടുണ്ടെന്നു പരിശോധകസംഘം കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിൽ പറയുന്നു. കാലാവധി കഴിയുന്ന മരുന്നുകളുടെ രാസഘടനയിൽ മാറ്റം വരുമെന്നതിനാൽ ഇതു കഴിക്കുന്നവരുടെ ജീവൻ അപകടത്തിലായേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മരുന്നു സംഭരണത്തിലും വിതരണത്തിലും അടിമുടി പ്രശ്നങ്ങളായിരുന്നു. കെഎംഎസ്‍സിഎലിന്റെ പിടിപ്പുകേടുകൾ റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ നിന്ന്: സംസ്ഥാനത്തു സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ ഏഴായിരത്തോളം ആശുപത്രികളുണ്ട്.
67 ആശുപത്രികളിൽ 2016 മുതൽ 2022 വരെ നടത്തിയ പരിശോധനയിൽ 62,826 ലേറെ അവസരങ്ങളിൽ മരുന്നുകൾ ലഭ്യമായിരുന്നില്ല. ഇതിൽ ചില അവശ്യ മരുന്നുകൾ 1745 ദിവസം വരെ ലഭ്യമല്ലായിരുന്നു.
2017 മുതൽ 22 വരെ 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ഇന്റന്റ് നൽകിയെങ്കിലും കെഎംഎസ്‌സിഎൽ 536 ഇനങ്ങൾ (11.33%) മാത്രമാണു മുഴുവനും വാങ്ങിയത്. 1085 ഇനങ്ങൾക്കു കരാർ കൊടുത്തതേയില്ല. കരാർ കൊടുത്ത മരുന്നുകൾ 60 ദിവസത്തിനുള്ളിൽ നൽകണമെന്നാണു വ്യവസ്ഥ 81% കരാറുകാരും പാലിച്ചില്ല. മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലും ഗുരുതരമായ അലംഭാവം ഉണ്ടായി. ഒരു വർഷത്തെ 54,049 ബാച്ച് മരുന്നുകളിൽ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമേ പരിശോധിച്ചിട്ടുള്ളൂ.