എന്തൊക്കെ വിഷം നൽകാം? ഗൂഗിളിലൂടെ ഗ്രീഷ്മയുടെ ഗവേഷണം

Mail This Article
വേർപിരിയാമെന്ന് ഒന്നിലധികം തവണ ഗ്രീഷ്മ ഷാരോണിനോടു പറഞ്ഞിട്ടുണ്ട്. അവസാനമായി കളനാശിനി കലർത്തിയ കഷായം നൽകുന്നതിനു മുൻപും ഗ്രീഷ്മ ഇക്കാര്യം ഷാരോണിനോടു ചോദിച്ചെങ്കിലും ആത്മാർഥമായി സ്നേഹിച്ചിരുന്ന ഷാരോണിനു പിരിയാൻ താൽപര്യമുണ്ടായിരുന്നില്ല. ആ സ്നേഹം തന്നെയാണ് മരണത്തിലേക്കു ഷാരോണിനെ നയിച്ചതും.
-
Also Read
8 മാസം: 4 വധശിക്ഷ വിധിച്ച് ജഡ്ജി
ഗ്രീഷ്മയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിനു മുന്നോടിയായി നടത്തിയ ഗവേഷണത്തിന്റെ ചരിത്രം ചുരുളഴിഞ്ഞത്. തുടക്കം മുതൽ വിഷം നൽകി കൊലപ്പെടുത്താനായിരുന്നു ഗ്രീഷ്മയുടെ ശ്രമം. മെല്ലെ മെല്ലെ വിഷം നൽകി ആരുമറിയാതെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള അന്വേഷണങ്ങളായിരുന്നു ഗ്രീഷ്മ നടത്തിയിരുന്നത്.
വേദനസംഹാരി ഗുളികകൾ വലിയ അളവിൽ നൽകി കൊലപ്പെടുത്താനായിരുന്നു ആദ്യപദ്ധതി. അതിനായി ഗൂഗിളിൽ തിരഞ്ഞു. ഗ്രീഷ്മ കുറെയധികം ഗുളിക സംഘടിപ്പിച്ചു. കോളജിലെ ശുചിമുറിയിൽനിന്നു വെള്ളമെടുത്ത് ഗുളികകൾ പൊടിച്ച് കലക്കി ഒരു കുപ്പിയിൽ സൂക്ഷിച്ചശേഷം ഷാരോണിനെ പ്രലോഭിപ്പിച്ചു വിളിച്ചുവരുത്തി. തിരുവിതാംകോട് അരപ്പള്ളിക്കു സമീപത്തെ കടയിൽനിന്ന് 2 കുപ്പി ജൂസ് വാങ്ങിയശേഷം ഷാരോണിന്റെ കോളജിലേക്ക് ഇരുവരും പോയി.
കോളജ് റിസപ്ഷനു സമീപത്തെ ശുചിമുറിയിൽ പോയി ഒരു ജൂസ് ബോട്ടിലിൽ ഗുളിക മിശ്രിതം കലർത്തി. പുറത്തിറങ്ങി സമൂഹമാധ്യമങ്ങളിൽ അക്കാലത്തു വൈറലായിരുന്ന ‘ജൂസ് ചാലഞ്ച്’ നടത്തി. ഒരു കുപ്പി ജൂസ് ഒറ്റയടിക്കു കുടിക്കുന്നതായിരുന്നു ചാലഞ്ച്. ഗുളിക കലക്കിയ ജൂസ് ഷാരോൺ കുടിച്ചുതുടങ്ങിയപ്പോൾതന്നെ കയ്പു കാരണം തുപ്പി. പഴകിയ ജൂസ് ആയിരിക്കുമെന്നു പറഞ്ഞ് അതു കളഞ്ഞശേഷം ഗ്രീഷ്മയുടെ പക്കലുണ്ടായിരുന്ന രണ്ടാമത്തെ കുപ്പി ജൂസ് ഇരുവരും ചേർന്നു കുടിച്ചു.
ആ പദ്ധതി പൊളിഞ്ഞതോടെ ഗ്രീഷ്മ ഗൂഗിളിൽ അടുത്തഘട്ടം ‘വിഷ ഗവേഷണം’ തുടങ്ങി. പ്രത്യേകതരം രാസവസ്തു ശരീരത്തിലെത്തിയാൽ ആന്തരാവയവങ്ങൾ തകരുകയും സാവധാനം മരിക്കുകയും ചെയ്യുമെന്നു മനസ്സിലാക്കി. ആ രാസവസ്തു അടങ്ങിയ കീടനാശിനികൾ ഏതൊക്കെയെന്നു തിരഞ്ഞപ്പോഴാണ് വീട്ടിൽ അമ്മാവൻ നിർമലകുമാരൻ നായർ കൃഷിക്കായി വാങ്ങിയ കളനാശിനി അത്തരത്തിലൊന്നാണെന്നു മനസ്സിലാക്കിയത്.
കളനാശിനിയുടെ തീവ്രരുചി അറിയാതെ എങ്ങനെ ഷാരോണിനെക്കൊണ്ട് കുടിപ്പിക്കാമെന്നും ഗ്രീഷ്മ ആലോചിച്ചുറപ്പിച്ചു. അതിനുപയോഗിച്ചത് ഗ്രീഷ്മയുടെ അമ്മ പൂവാറിലെ ആയുർവേദ ആശുപത്രിയിൽനിന്നു വാങ്ങിയ കഷായക്കൂട്ട് ആയിരുന്നു. ചൂടാക്കിയ വെള്ളം ചേർത്ത് കഷായപ്പൊടി തിളപ്പിച്ചശേഷം അതിൽ കുറച്ചെടുത്തു കളനാശിനി കലർത്തി കുപ്പിയിലാക്കി വച്ചു. കുറച്ച് കഷായം വിഷം ചേർക്കാതെയും മാറ്റിവച്ചു.