സാങ്കേതിക വാഴ്സിറ്റി: ഉത്തരവിന് വഴങ്ങാതെ റജിസ്ട്രാർ; സിൻഡിക്കറ്റ് തീരുമാനം വിസി റദ്ദാക്കി

Mail This Article
തിരുവനന്തപുരം∙സാങ്കേതിക സർവകലാശാലയിൽ വിസി പിരിച്ചുവിട്ട സിൻഡിക്കറ്റ് യോഗം അദ്ദേഹത്തിന്റെ അഭാവത്തിൽ തുടർന്ന് നടത്തിയത് റദ്ദാക്കാനുള്ള നിർദേശം ഉത്തരവായിറക്കാൻ റജിസ്ട്രാർ വിസമ്മതിച്ചു. യോഗത്തിൽ പങ്കെടുത്തതിന് റജിസ്ട്രാറോട് വിസി വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി നൽകാനും അദ്ദേഹം കൂട്ടാക്കിയില്ല. സിൻഡിക്കറ്റ് യോഗം റദ്ദാക്കി ഉത്തരവ് ഇറക്കാൻ കഴിയില്ലെന്ന് രേഖാമൂലം വിസിക്ക് റജിസ്ട്രാർ എ.പ്രവീൺ മറുപടിയും നൽകി. ഇതേ തുടർന്നു വിസി ഡോ.കെ.ശിവപ്രസാദ് തന്നെ അനധികൃത സിൻഡിക്കറ്റ് യോഗം റദ്ദാക്കിയതായി ഉത്തരവിറക്കി. ഈ യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കരുതെന്നും വിസി എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
സർവകലാശാല ചട്ട പ്രകാരം വിസിയുടെ നിർദേശത്തിനനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനായ റജിസ്ട്രാറുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ആക്ഷേപമുണ്ട്. സർവകലാശാല തെറ്റായി അനുവദിച്ച പിഎഫ് വായ്പ കൈപ്പറ്റുകയും അധിക തുക തിരിച്ചടക്കുകയും ചെയ്ത കോൺഗ്രസ് അനുകൂല സംഘടനാ നേതാവിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ സിൻഡിക്കറ്റ് യോഗത്തിൽ തന്റെ അനുമതിയില്ലാതെ യോഗത്തിൽ ഉന്നയിക്കാൻ ശ്രമിച്ചത് വിസി തടഞ്ഞിരുന്നു. ഇത് തർക്കത്തിന് ഇടയാക്കിയതോടെയാണു വിസി യോഗം പിരിച്ചുവിട്ടത്.