മദ്യക്കമ്പനിക്കു വെള്ളം നൽകാമെന്ന് പറഞ്ഞിട്ടില്ല: ജല അതോറിറ്റി

Mail This Article
പാലക്കാട് ∙ എലപ്പുള്ളിയിൽ അനുവദിച്ച മദ്യക്കമ്പനിക്ക് ആവശ്യമായ വെള്ളം നൽകാൻ ജല അതോറിറ്റി അനുമതി നൽകിയിട്ടുണ്ടെന്ന എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് അതോറിറ്റി തള്ളി. കഞ്ചിക്കോട് കിൻഫ്ര പാർക്കിലേക്കു നൽകുന്ന വെള്ളം അവരുടെ അനുവാദത്തോടെ ആവശ്യമെങ്കിൽ മദ്യക്കമ്പനിക്കു പങ്കുവയ്ക്കാനാകും എന്നാണ് അതോറിറ്റിയുടെ നിലപാട്. ജല അതോറിറ്റിയുടെ അനുമതി സംബന്ധിച്ച എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് സർക്കാർ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടില്ലെന്നാണ് പാലക്കാട്ടെ ഉദ്യോഗസ്ഥർ അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നത്.
സർക്കാരുമായുള്ള ധാരണയനുസരിച്ചു മലമ്പുഴ ഡാമിൽ നിന്നു പ്രതിദിനം 10 ദശലക്ഷം ലീറ്റർ വെള്ളമാണു ജല അതോറിറ്റി കിൻഫ്ര പാർക്കിലേക്കു ലഭ്യമാക്കേണ്ടത്. ഇതിനുള്ള പദ്ധതി പൂർത്തിയായിട്ടില്ല. കിൻഫ്ര പാർക്കിലേക്കു വെള്ളം എത്തിക്കുന്ന നിർവഹണ ഏജൻസി മാത്രമാണ് അതോറിറ്റി. പാർക്കിൽ നിന്നു മദ്യക്കമ്പനിക്കു വെള്ളം നൽകണോ വേണ്ടയോ എന്നതു കിൻഫ്ര അധികൃതരാണു തീരുമാനിക്കേണ്ടത്. കിൻഫ്ര വെള്ളം നൽകാൻ തീരുമാനിച്ചാലും 10 ദശലക്ഷം ലീറ്ററിൽ നിന്നു മാത്രമേ ഇതു കണ്ടെത്താനാകൂ. ഇതിനായി അധികവിഹിതം നൽകില്ല. കിൻഫ്ര പാർക്കിലെ കമ്പനികൾക്കുള്ള വെള്ളവും ഇതിൽ നിന്നു കണ്ടെത്തണം. കൂടുതൽ നൽകണമെങ്കിൽ സർക്കാർ നിർദേശിക്കേണ്ടി വരും.
പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എം.ബി.രാജേഷ്
പാലക്കാട് ∙ മദ്യക്കമ്പനി വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ധൈര്യമുണ്ടോയെന്നു പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി എം.ബി.രാജേഷ്. ചോദ്യങ്ങൾ വന്നാൽ നിയമസഭയിൽ എണ്ണിയെണ്ണി മറുപടി പറയാം. ഇത്രയും വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ടും ഒരു അടിയന്തരപ്രമേയം പോലും നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്നില്ല. പ്രതിപക്ഷം ഇത്ര ഭീരുക്കളാണോ? അഴിമതി ആരോപണം പൊളിഞ്ഞുപോയി. ആരോപണത്തിനു 48 മണിക്കൂറിന്റെ ആയുസ്സു പോലും ഉണ്ടായില്ല. ഈ വിഷയത്തിൽ കൃത്യമായ ധാരണ സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.