മരുന്നു കമ്പനികൾക്കു കുടിശിക: 70 കോടി രൂപ അനുവദിച്ചു, മരുന്നു സംഭരണത്തിലെ തടസ്സം ഒഴിവാകുന്നു

Mail This Article
കോഴിക്കോട് ∙ മരുന്നു കമ്പനികൾക്കു നൽകാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക കൊടുത്തുതീർക്കാനും മരുന്നു വിതരണം കൃത്യമാക്കാനും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നടപടി തുടങ്ങി. ആദ്യപടിയായി 70 കോടി രൂപ അനുവദിച്ചു. അടുത്ത 2 മാസവും 100 കോടി വീതം അനുവദിക്കുമെന്നും വായ്പ എടുത്ത് മാർച്ച് 31 നു മുൻപ് കുടിശിക പൂർണമായും തീർക്കുമെന്നും കമ്പനികൾക്ക് ഉറപ്പു നൽകി.
ഇതോടെ അടുത്ത വർഷത്തെ ടെൻഡറിൽ പങ്കെടുക്കാൻ കമ്പനികൾ സമ്മതിച്ചു. 2025–26 ലേക്ക് 1000 കോടിയുടെ മരുന്നു സംഭരിക്കാനാണു കെഎംഎസ്‌സിഎൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വർഷം മുതൽ പണം കൊടുത്തു തീർക്കാൻ കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്നും വ്യവസ്ഥകൾ ടെൻഡറിന്റെ ഭാഗമാക്കുമെന്നും പ്രീ ബിഡ് യോഗത്തിൽ ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി ഉറപ്പു നൽകിയിരുന്നു. ഈ രീതിയിൽ വ്യവസ്ഥ ഭേദഗതി ചെയ്യാത്തതിനെതിരെ വിവിധ കമ്പനികൾ വീണ്ടും കെഎംഎസ്‌സിഎലിനു കത്തു നൽകിയിട്ടുണ്ട്.
കെഎംഎസ്‌സിഎലിന്റെ മരുന്നു സംഭരണ രീതികളെയും കമ്പനികൾ ചോദ്യം ചെയ്തിട്ടുണ്ട്. വെയർ ഹൗസുകളിലെ അന്തരീക്ഷ ഊഷ്മാവു കൂടുതലുള്ളതിനാൽ മരുന്നിന്റെ നിലവാരം നഷ്ടപ്പെടുന്നതായും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ പരാജയപ്പെടുന്നതായും അവർ പറഞ്ഞു. ഇതിനിടയിലാണു തിരുവനന്തപുരം വിതുര സർക്കാർ ആശുപത്രിയിൽ വിതരണം ചെയ്ത ഗുളികയ്ക്കുള്ളിൽ മൊട്ടുസൂചി കിട്ടിയെന്ന ആരോപണം ഉയർന്നത്. കമ്പനികൾക്കെതിരെ ആരോഗ്യ സംവിധാനങ്ങൾക്കുള്ളിലുള്ളവർ തന്നെ പ്രവർത്തിക്കുന്നെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.