‘തദ്ദേശ ജനപ്രതിനിധികൾ പാർട്ടി മാറുമ്പോൾ രാജിവയ്ക്കണം’; വിചിത്രവാദവുമായി മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ തദ്ദേശ ജനപ്രതിനിധികൾ പാർട്ടി മാറുമ്പോൾ ആ സ്ഥാനം രാജിവയ്ക്കണമെന്ന വിചിത്രവാദവുമായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനെത്തിയ സിപിഎം കൗൺസിലർ കലാ രാജുവിനെ വസ്ത്രാക്ഷേപം ചെയ്യുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തെന്നാരോപിച്ചുള്ള അനൂപ് ജേക്കബിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഇൗ നിലപാട്.
കഴിഞ്ഞ 5 വർഷമായി കൗൺസിലറായ കലാ രാജുവിനെ പ്രലോഭിപ്പിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു. സ്വാധീനിക്കപ്പെട്ടെങ്കിൽ ആ സ്ഥാനത്തിരുന്നു കൊണ്ടല്ല അപ്പുറത്ത് ചെല്ലേണ്ടത്. രാജിവയ്ക്കണം. കാലുമാറ്റത്തെ കോൺഗ്രസ് അംഗീകരിക്കുകയല്ല ചെയ്യേണ്ടത്. കേരളം സ്ത്രീസുരക്ഷയ്ക്കു മാതൃക തന്നെയാണെന്നും കലാരാജുവിനെ നഗരസഭാ ചെയർപഴ്സന്റെ കാറിൽ കയറ്റിക്കൊണ്ടു പോയെന്ന പരാതിയിൽ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ എത്രയോ പഞ്ചായത്തുകളിൽ എത്രയോ പേർ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിട്ടുണ്ടെന്നും അവരെയൊക്കെ തട്ടിക്കൊണ്ടു പോകുകയാണോ വേണ്ടതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചോദിച്ചു. ഒരു മാസം മുൻപ് വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ കരുമാലൂർ പഞ്ചായത്തിൽ തങ്ങളുടെ ഒരു അംഗം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാറ്റി വോട്ട് ചെയ്തു. അവരോട് അന്ന് രാജി വയ്ക്കാനാണോ സിപിഎം നിർദേശിച്ചത്? ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഈ കാലുമാറ്റക്കാരനെ സിപിഎം വൈസ് പ്രസിഡന്റാക്കി. എന്നിട്ടും ഇവിടെ വന്ന് ഇങ്ങനെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് സാധിക്കുന്നത്? രാവിലെ കാലുമാറിയവനെ ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റാക്കിയ പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗമല്ലേ നിങ്ങൾ?
സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി വനിതാ കൗൺസിലറെ തട്ടിക്കൊണ്ടു പോയ പ്രതികളെ ന്യായീകരിക്കുകയാണ്. നിങ്ങൾ ചരിത്രത്തിൽ അഭിനവ ദുശ്ശാസനൻമാരായി മാറും. അവിടെ എന്താണ് നടന്നതെന്നതിന് അനൂപ് ജേക്കബ് ദൃക്‌സാക്ഷിയാണ്. അവരെ വസ്ത്രാക്ഷേപം ചെയ്തു. തലമുടിയിൽ ചുറ്റിപ്പിടിച്ച് സാരി വലിച്ചു കീറി. കാറിൽ കയറ്റി. അവരുടെ കാൽ ഡോറിൽ കുടുങ്ങി. അതു പറഞ്ഞപ്പോൾ കാല് വെട്ടിയെടുത്ത് തരാമെന്നാണ് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് സെക്രട്ടറി പറഞ്ഞതെന്നും സതീശൻ വ്യക്തമാക്കി.
‘ചുമന്നുകൊണ്ട് പോകാൻ വകുപ്പില്ല’
കൂറുമാറിയാൽ കൗൺസിലർ സ്ഥാനം കളയാൻ നിയമത്തിൽ വകുപ്പുണ്ടെന്നും പകരം ചുമന്നുകൊണ്ടു പോകാനുള്ള വകുപ്പ് നിയമത്തിൽ ഇല്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്ന വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞ് രണ്ടാഴ്ച പോലും തികയുന്നതിനു മുൻപാണ് കൂത്താട്ടുകുളം ടൗണിൽ സിപിഎം കൗൺസിലർ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. സെലിബ്രിറ്റിയുടെ പരാതിയിൽ ശരവേഗത്തിൽ നടത്തിയ അന്വേഷണം സാധാരണ സ്ത്രീകളുടെ പരാതിയിൻമേലും വേണമെന്നും അനൂപ് പറഞ്ഞു. പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.