ശബരിമല തീർഥാടനം: എണ്ണത്തിലും വരുമാനത്തിലും വർധനയെന്ന് മന്ത്രി വാസവൻ

Mail This Article
തിരുവനന്തപുരം ∙ ശബരിമല തീർഥാടനകാലത്തു ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുണ്ടായതായി മന്ത്രി വി.എൻ.വാസവൻ. ഇത്തവണ 53,09,906 പേരാണു ദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6,32,308 പേർ കൂടുതലായെത്തി. ഇതിൽ 10,03,305 പേർ സ്‌പോട്ബുക്കിങ്ങിലൂടെയാണു ദർശനം നടത്തിയത്. സന്നിധാനത്തെ ഈ വർഷത്തെ വരുമാനം 440 കോടി രൂപയാണ്. കഴിഞ്ഞ വർഷം 360 കോടി. അരവണ വിൽപന 192 കോടി. കാണിക്കയായി 126 കോടി ലഭിച്ചു. 30 ലക്ഷത്തിലേറെ പേർക്കു ഭക്ഷണം നൽകി. പരാതികളില്ലാതെ മണ്ഡല –മകരവിളക്ക് കാലം വിജയമാക്കിയതു സർക്കാരിന്റെ തന്ത്രപരമായ സമീപനത്തിന്റെ ഫലമാണെന്നു മന്ത്രി പറഞ്ഞു.
‘തീർഥാടനം വിജയമായപ്പോൾ തന്ത്രി കണ്ഠര് രാജീവര് അഭിനന്ദിച്ചു. തന്ത്രികുടുംബത്തിന്റെ അനുമോദനം സർക്കാരിനുള്ളതാണ്’– തീർഥാടനകാലം വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിനായി ചേർന്ന യോഗത്തിൽ മന്ത്രി പറഞ്ഞു.
ഡിജിപി എസ്.ദർവേഷ് സാഹിബ് അടക്കമുള്ള ഉദ്യോഗസ്ഥർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മന്ത്രി വീണാ ജോർജ്, എംഎൽഎമാരായ പ്രമോദ് നാരായൺ, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പത്തനംതിട്ട ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ, ദേവസ്വം സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ പങ്കെടുത്തു.